Connect with us

Ongoing News

ഇശലിന്റെ തോഴൻ

Published

|

Last Updated

പകലൊളി പതിയെ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ചക്രവാളത്തിലേക്ക് പ്രവേശിച്ച സൂര്യകിരണങ്ങളേറ്റ് തിളങ്ങിമറിയുന്ന ബഹറിന്റെ ഓളപ്പരപ്പിലൂടെ വഞ്ചികള്‍ ദിശ നോക്കി നീങ്ങിക്കൊണ്ടിരുന്നു. തീരത്തോടു ചേര്‍ന്ന് കടന്നുപോയ വഞ്ചിയില്‍ തൂക്കിയ റാന്തല്‍വിളക്കിന്റെ വെട്ടത്തിനൊപ്പം അത്ര വ്യക്തമല്ലാത്ത ചില മധുരസ്വരങ്ങളും ഉയര്‍ന്നുകേള്‍ക്കാമായിരുന്നു. ഓളത്തെ വകഞ്ഞുമാറ്റി കടന്നുപോയ ലാഞ്ചികളാല്‍ രൂപം കൊണ്ട പുതിയൊരു തിര തീരത്തെ തൊട്ടപ്പോള്‍, കരയിലെവിടെയോ കാറ്റിലൂടെയൊരു ഇശല്‍ തഴുകിവന്നു. ബാബുരാജ് പാടുകയാണ്. കരക്കാരോടൊപ്പം സകല ജീവജാലങ്ങളും ആ ഇശല്‍ കാറ്റില്‍ സ്വയം മറന്നിരിക്കുകയാണ്.

അന്ന് കോഴിക്കോട് ചെറുതാണ്. അബ്ദുർറസാഖ് അതിലേറെ ചെറുതും. കടലിനോട് ചേര്‍ന്നുള്ള നൈനാംവളപ്പും പരപ്പിലും കുറ്റിച്ചിറയുമെല്ലാം വല്ലാത്തൊരു അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞ കാലം. ഒന്നുരണ്ട് തറവാടുകള്‍ മാത്രം പ്രതാപം പേറിയിരുന്ന നാട്ടില്‍ ചില യാമങ്ങളില്‍ കരക്കാര്‍ പട്ടിണി മറന്ന് ഉറങ്ങിയിരുന്നു. ബാബുരാജിനൊപ്പം ബോംബെ കമാലും കോഴിക്കോട് ഖാദര്‍ക്കയും സി എ അബൂബക്കറുമെല്ലാം പ്രമാണിമാരുടെ സന്ധ്യകളില്‍ ഇശല്‍ മഴ പെയ്യിപ്പിച്ചപ്പോള്‍ എരിയുന്ന വയറിനെ വിട്ട് നിറഞ്ഞ മനസ്സോടെ നൈനാം വളപ്പുകാരും നിദ്രയിലാണ്ടിരുന്നു. കാലമേറെ കഴിഞ്ഞിട്ടും അബ്ദുർറസാഖിന് ഇതെല്ലാം ഇന്നലെകളിലെന്ന പോലെ ഓർമയിലുണ്ട്. സംഗീതത്തെ അത്രമേല്‍ ആവാഹിച്ച അബ്ദുർറസാഖ് തന്റെ ജീവിതം ഓര്‍ത്തെടുക്കുകയാണ്.

കരികളാല്‍ ഇരുള്‍ മൂടിയ അടുക്കളയിലെ ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ ഉമ്മ ഓതിത്തരുന്ന ബദ്്ര്‍ പാട്ടുകളും സ്വഹാബീ പോരിശകളും കേട്ട് വളര്‍ന്നതിനാലാകണം സംഗീതം റസാഖിനൊപ്പം ചേര്‍ന്ന് തളിർത്തതും. ഇത് തന്നെയായിരുന്നു സംഗീത ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ വാതിലും. പേരെടുത്ത് പറയാന്‍ ഗുരുക്കന്‍മാരായി ആരുമില്ലാതിരുന്ന റസാഖിന് താന്‍ തെളിച്ച വഴിയേ തനിയെ സഞ്ചരിച്ചതുകൊണ്ട് തന്നെയാണ് ബാബുരാജിനൊപ്പം പില്‍ക്കാലത്ത് പാടാന്‍ കഴിഞ്ഞതും. മുഖദാറിലെ കടല്‍ തീരത്തു വളര്‍ന്ന ഇദ്ദേഹം പരപ്പില്‍ എം എം ഹൈസ്‌കൂളില്‍ വെച്ചാണ് വിദ്യാഭ്യാസം നേടിയത്. അക്കാലത്തൊന്നും സ്‌കൂളില്‍ സംഗീത അധ്യാപകരുണ്ടായിരുന്നില്ല. റേഡിയോയില്‍ വല്ലപ്പോഴും മാത്രമേ അന്ന് പാട്ട് കേട്ടിരുന്നുള്ളു. അന്ന് നൈനാം വളപ്പിലെ ഓന്നോ രണ്ടോ വീടുകളില്‍ മാത്രമേ റേഡിയോയും ഉണ്ടായിരുന്നുള്ളു. പിന്നെ പാട്ടു കേള്‍ക്കണമെങ്കില്‍ വലിയ വീടുകളില്‍ കല്യാണം പോലുള്ള എന്തെങ്കിലും ആഘോഷങ്ങള്‍ നടക്കണം. എന്നാല്‍ കോഴിക്കോട് നിന്നും ആളുകള്‍ പാടാന്‍ വരും. അന്ന് കല്യാണ രാവുകളില്‍ പാട്ടുപാടാന്‍ എത്തിയവരായിരുന്നു ബാബുരാജും ബോംബെ കമാലും ഖാദര്‍ക്കയും സി എ അബൂബക്കറും നജ്മല്‍ ബാബുവുമൊക്കെ.

കുഞ്ഞായിരുന്നപ്പോഴേ ഉമ്മയുടെ പാട്ടിനൊത്ത് കുഞ്ഞു റസാഖ് വരികള്‍ മൂളിയിരുന്നെങ്കിലും ഒരു നേരത്തെ ആഹാരത്തിന് പോലും കടലിനെ ആശ്രയിച്ച കുടുംബം പാട്ട് പഠിപ്പിക്കാനായി മുതിര്‍ന്നില്ല. എന്നാല്‍, തന്റെ അഞ്ചാം വയസ്സില്‍ തന്നെ റേഡിയോയിലും ഗ്രാമഫോണിലും മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്‌കറിന്റെയും പാട്ടുകള്‍ റസാഖ് കേട്ട് പഠിച്ചു. ഒന്നാം ക്ലാസില്‍ ആദ്യമായി പാടിയ മുഹമ്മദ് റഫിയുടെ പാട്ടാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതെന്നും റസാഖ് പറയുന്നു. മുഖദാറില്‍ എത്തിപ്പെട്ട മിലിട്ടറി ഇന്‍സ്ട്രക്ടറായിരുന്ന ഉത്തരേന്ത്യക്കാരനായ പ്രൊഫസര്‍ അബ്ദുള്‍ നവാസ് കരീമില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയത്. രാഗവും താളവും പഠിച്ചെടുത്തതും അദ്ദേഹത്തില്‍ നിന്ന് തന്നെ. പിന്നീട് കർണാട്ടിക് സംഗീതത്തിനായി കുറച്ച് കാലം നടേശന്‍ ഭാഗവതരുടെയും ശിഷ്യനായി. സി എ അബൂബക്കര്‍ പാടിയിരുന്ന സാബുവോം നുഖും സസോരാവാസ് എന്ന ഗാനം പഠിച്ചെടുക്കാനായി സാസ് ഔര്‍ ആവാസ് എന്ന സിനിമക്ക് നാല് തവണയാണ് വെസ്റ്റിഹില്‍ ഗീത തിയറ്ററില്‍ പോയതെന്ന് ചെറു ചിരിയോടെ റസാഖ് പറയുന്നു.

ഏെറക്കുറെ റസാഖിനൊപ്പം തന്നെയാണ് കോഴിക്കോടിന്റെ സംഗീത വളര്‍ച്ചയും. കടല്‍ കടന്നും കരവഴിയും കോഴിക്കോട് ലക്ഷ്യമാക്കി നാനാദിക്കില്‍ നിന്നും കച്ചവടക്കാര്‍ വന്നു. തമിഴരും ഗുജറാത്തികളും രാജസ്ഥാനികളും പാഴ്‌സികളും തുടങ്ങി ഉത്തരേന്ത്യയില്‍ നിന്നുള്ള വന്‍ സംഘങ്ങള്‍ കോഴിക്കോട്ടെത്തി. അക്കൂട്ടത്തില്‍ അറബികളുൾപ്പെടെ നിരവധി രാജ്യക്കാരുമുണ്ടായിരുന്നു. അവരുടെ കൂടെ പല ദേശങ്ങളിലെയും തനത് രീതിയിലുള്ള സംഗീതങ്ങള്‍ കോഴിക്കോടിന്റെ മണ്ണിലെത്തി. ദേശാടനക്കിളികളെ പോലെ ഊരുചുറ്റിവന്ന അവക്ക് കോഴിക്കോടിന്റെ മണ്ണില്‍ വളരാനുള്ള ഇടമുണ്ടായിരുന്നു. അങ്ങനെ കോഴിക്കോട്ടുകാരുടെ രാവുകളില്‍ ഹിന്ദുസ്ഥാനിയും ഖവാലികളും ഗസലുകളും മഞ്ഞുപോലെ പെയ്തിറങ്ങി.

അപ്പോഴേക്കും റസാഖ് വളര്‍ന്നിരുന്നു. ഉള്ളില്‍ സംഗീതവും. പിന്നീടങ്ങോട്ട് അറിയപ്പെടുന്ന ഗായകനായി മാറുകയായിരുന്നു അദ്ദേഹം. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളൊന്നും തന്റെതായി ഇല്ലെങ്കിലും ഉള്ള പാട്ടുകളെല്ലാം ആരെയും കൊതിപ്പിക്കുന്നവയായിരുന്നു. കാരണം, അത്രയും ആഴങ്ങളില്‍ ഇറങ്ങി നിന്നുകൊണ്ടായിരുന്നു അയാള്‍ സംഗീതത്തെ സ്വീകരിച്ചിരുന്നത്. കാലമേറെ കഴിഞ്ഞു. പാട്ടുകള്‍ പലവഴിക്കായി. റസാഖ് വാർധക്യത്തിലേക്കും.

മലയാളത്തില്‍ ഹിന്ദുസ്ഥാനിയുടെ സ്വാധീനം

തിരൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍ തുടങ്ങിയ തുറമുഖങ്ങളോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെല്ലാം അന്ന് കച്ചവടങ്ങള്‍ക്കായി വന്ന ഗുജറാത്തികളും മറ്റു ഉത്തരേന്ത്യന്‍ കച്ചവടക്കാരുമാണ് ഹിന്ദുസ്ഥാനി സംഗീതം ആദ്യമായി ഇവിടങ്ങളിലേക്ക് കൊണ്ടുവന്നത്. കേരളത്തില്‍ സംഗീതം അത്രകണ്ട് വളരാന്‍ കാരണമായത് അക്കാലങ്ങളിലെ ഹിന്ദി സിനിമകളാണ്. ഹിന്ദി ഭാഷയിലുള്ള നിരവധി ഗാനങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി അന്ന് പലരും പാടിയിരുന്നു. കോഴിക്കോട് പോലെയുള്ള നഗരങ്ങളിലെ പ്രമാണിമാരുടെ വീടുകളില്‍ പാടിക്കേട്ടിരുന്ന പാട്ടുകളില്‍ പലതും അത്തരത്തിലുള്ളതായിരുന്നു. അക്കാലങ്ങളില്‍ കന്നടയിലും തമിഴ് ബ്രാഹ്മണര്‍ക്കിടയിലുമെല്ലാം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായുള്ള സംഗീത വഴികള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിനോട് ചേര്‍ന്നുള്ള ഇവയൊന്നും തന്നെ കാര്യമായ രീതിയില്‍ മലയാളത്തെ സ്വാധീനിച്ചിരുന്നില്ല. കാരണം അവയുടെ ഭാഷാ ശൈലി തന്നെയായിരുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലാളിത്യം കൊണ്ടുതന്നെയാണ് മലയാളത്തില്‍ ഹിന്ദുസ്ഥാനി സംഗീതം എളുപ്പത്തില്‍ വളരാന്‍ ഇടായാക്കിയത്. ഗസലുകളും ഖവാലികളും ഉണ്ടായതും ഹിന്ദുസ്ഥാനിയില്‍ നിന്ന് തന്നെയാണ്. കര്‍ണാടിക് സംഗീതത്തില്‍ ഉണ്ടായിരുന്നത് ഭജനകളും കീര്‍ത്തനങ്ങളുമൊക്കെയായിരുന്നു. അതുകൊണ്ടുതന്നെ മലയാളം പാട്ടുകള്‍ക്ക് വഴിവെച്ചത് ഹിന്ദുസ്ഥാനി സംഗീതം തന്നെയായിരുന്നു.

മാപ്പിളപ്പാട്ടിന്റെ വഴികളില്‍

1976 മുതൽ 2000 വരെയുള്ള നീണ്ട കാലയളവിൽ മലയാളികൾ റേഡിയോയിലൂടെ ഏറ്റവും കൂടുതൽ ആസ്വദിച്ചതിൽ റസാഖിന്റെ സ്വരമാധുര്യത്തിലുള്ള
മാപ്പിളപ്പാട്ടുകളുമുണ്ട്. മരയ്ക്കാർ ചന്ദ്രിക ചിട്ടപ്പെടു ത്തിയ പാട്ടുകളായിരുന്നു അക്കാലത്ത് പാടിയിരു ന്നത്. പിൽക്കാലത്ത് മാപ്പിളപ്പാട്ടിന്റെ ലോകത്ത് വ്യ ക്തിമുദ്ര പതിപ്പിച്ച ബാപ്പു വെള്ളിപറമ്പിന്റെ രചന യിലെ ആദ്യ ഗാനമായ മക്കത്തുദിച്ച വെണ്ണിലാവേ എന്നു തുടങ്ങുന്ന പാട്ട് പാടിയതും റസാഖ് ആ
യിരുന്നു. അതിനിടയിൽ സ്വന്തമായി നിരവധി മാ
പ്പിളപ്പാട്ടുകൾ രചിക്കുകയുമുണ്ടായി.

കോഴിക്കോട്

Latest