Connect with us

Ongoing News

അനുരഞ്ജനം എന്ന ആയുധം

Published

|

Last Updated

കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായ ശേഷം മക്കയിലെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കം ഉടലെടുത്തു. കഅ്ബയുടെ ഭാഗമായ, ഹജറുല്‍ അസ്്വദ് എന്ന വിശുദ്ധ കല്ല് ആര് തിരിച്ച് യഥാസ്ഥാനത്ത് വെക്കും? ഗോത്ര മഹിമ കൊടിയടയാളമായി കൊണ്ടുനടന്ന മക്കക്കാരുടെ മുന്‍കാല അനുഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍, നൂറ്റാണ്ടുകള്‍ പരസ്പരം പോരാടാനും രക്തം ചൊരിയാനും ഒരു ഹേതുവായിത്തീരാന്‍ പോന്ന തര്‍ക്കം. അപ്പോഴാണ് മക്കക്കാര്‍ക്കിടയില്‍ ഏറ്റവും പ്രായം ചെന്ന അബൂ ഉമയ്യ ഒരു പരിഹാരം മുന്നോട്ടു വെച്ചത്. കഅ്ബയുടെ സമീപത്തേക്ക് അടുത്തതായി ആരാണോ കടന്നുവരുന്നത് അയാള്‍ മുന്നോട്ടുവെക്കുന്ന പരിഹാരം എല്ലാവര്‍ക്കും സ്വീകരിക്കാം. ഗോത്ര തലവന്മാര്‍ ആ നിര്‍ദേശം സ്വീകരിച്ചു. കഅ്ബയിലേക്ക് കടന്നു വരുന്നതാരാണ് എന്നും കാത്ത് അവരെല്ലാം കണ്ണുംനട്ടിരിപ്പായി. ഏത് ഗോത്രക്കാരനായിരിക്കും അയാള്‍? ആരുടെ താത്പര്യത്തിനായിരിക്കും അയാളുടെ മുന്‍ഗണന?

നെഞ്ചിടിക്കുന്ന ആശങ്കയിലാണവര്‍. അപ്പോഴുണ്ട് ഖുറൈശിക്കാരനായ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ അവിടേക്കു കടന്നുവരുന്നു. അവര്‍ പ്രശ്‌നം അവതരിപ്പിച്ചു. എല്ലാം കേട്ടുനിന്ന മുഹമ്മദ് അവരോട് ഒരു തുണിക്കഷ്ണം കൊണ്ടുവരാനാവശ്യപ്പെട്ടു. അതിലേക്ക് ഹജറുല്‍ അസ്്വദ് എടുത്തുവെച്ചു. എല്ലാ ഗോത്ര തലവന്മാരും കൈപിടിച്ച് ആ തുണിക്കഷ്ണം ഉയര്‍ത്തി പുനര്‍നിര്‍മാണം നടത്തിയ കഅ്ബയിലെ പഴയ സ്ഥാനത്തു തന്നെ സ്ഥാപിച്ചു. ആരാണ് വിജയിച്ചത്, ആരാണ് തോറ്റത് എന്ന് ആര്‍ക്കും മനസ്സിലാകാത്ത അവസ്ഥ. പക്ഷേ, മക്കക്കാര്‍ക്കിടയിലെ അല്‍അമീന്‍ എന്ന മുഹമ്മദിന്റെ ജയമായിരുന്നു അത്.
പ്രപഞ്ചത്തിന്റെ ഉത്പത്തി മുതല്‍ അന്ത്യം വരെയും നീളുന്ന വിശാലമായ സമയഭൂമികയിലാണ് തിരുനബി (സ) പ്രവര്‍ത്തിച്ചത്. ജനനം വരെയും പ്രപഞ്ചം തിരുനബി (സ)യുടെ വരവും കാത്തിരുന്നു. വേര്‍പാടിനു ശേഷമാകട്ടെ അവിടുത്തേക്ക് മടങ്ങാനായി പ്രപഞ്ചത്തിന്റെ അടുത്ത കാത്തുനില്‍പ്പ്. എന്നാല്‍ 63 വര്‍ഷമായിരുന്നു ഭൂമിയിലുള്ള പ്രവാചകന്റെ ഭൗതിക നിയോഗം. പക്ഷേ, ആ 63 വര്‍ഷങ്ങള്‍ കൊണ്ട് തിരുനബി(സ) അനാദിയായ കാലത്തിനു മേല്‍ തന്റെ കൈയൊപ്പ് പതിപ്പിച്ചു. ഇസ്‌ലാമിനെ ഒരു മതമായി, ജീവിത വ്യവസ്ഥയായി, സംസ്‌കാരമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ഇസ്‌ലാം ഭൂമിയുടെ എല്ലാ അതിരുകളിലും എത്തി. രാഷ്ട്രമായും ഭരണ വ്യവസ്ഥകളായും നാഗരികതകളായും അത് വികസിച്ചു. പക്ഷേ, ലോകം മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ആ നേതാവിന്റെ കൈവശം ഉണ്ടായിരുന്ന യുദ്ധ തന്ത്രം എന്തായിരുന്നു?

അനുരഞ്ജനമായിരുന്നു പ്രവാചകരുടെ സാമൂഹിക ഇടപെടലുകളുടെ സ്വഭാവത്തെ നിര്‍ണയിച്ച പ്രധാന ഘടകം. വ്യക്തി ജീവിതത്തില്‍ തുടങ്ങി രാഷ്ട്രീയ മുഖത്തുവരെ കലഹിക്കുന്നവരെ ചര്‍ച്ചകളിലൂടെ രമ്യതയിലേക്കു കൊണ്ടുവരിക എന്നതായിരുന്നു തിരുനബി(സ)യുടെ ശൈലി. ചര്‍ച്ചകളിലേക്കുള്ള വഴിതുറക്കാന്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തിരുനബി(സ) ആളുകളെ പ്രേരിപ്പിക്കുക മാത്രമല്ല, സ്വയം തന്നെ അത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. മക്കക്കാരും മദീനക്കാരും തമ്മില്‍ ഏര്‍പ്പെട്ട ഹുദൈബിയ്യ കരാറില്‍ തന്റെ പേര് റസൂലുല്ലാഹ് എന്നതിനു പകരം അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നെഴുതാന്‍ തിരുനബി(സ) അനുചരന്മാരെ നിര്‍ബന്ധിച്ചു. തനിക്കും അനുചരന്മാര്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതായിട്ടു പോലും ആ കരാറിലെ നിര്‍ദേശങ്ങള്‍ തിരുനബി (സ) അപ്പടി പാലിച്ചു. മദീനയിലെ വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ കാരാര്‍ ഉണ്ടാക്കിയപ്പോഴും, മദീനയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നയതന്ത്ര ബന്ധം സ്ഥാപിച്ചപ്പോഴും തന്നെ ആട്ടിയോടിച്ച മക്കയിലേക്ക് വിജയ ശ്രീലാളിതനായി വന്നപ്പോഴും തിരുനബി(സ) സംസാരിച്ചത് അനുരഞ്ജനത്തിന്റെ ഭാഷയില്‍ ആയിരുന്നു.
ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പ് ഉണ്ടാക്കുന്നതിനേക്കാള്‍ മികച്ച പ്രാര്‍ഥന മറ്റൊന്നില്ലെന്ന് വിശുദ്ധനായ ആ നയതന്ത്രജ്ഞന്‍ അനുചരന്മാരെ പറഞ്ഞും പ്രവര്‍ത്തിച്ചും പഠിപ്പിച്ചു. ഏറ്റുമുട്ടലിന്റെ ഭാഷ ആ ജീവിതത്തില്‍ അങ്ങേയറ്റം അനിതരസാധാരണമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ആധുനിക ലോകത്തിന്റെ താക്കോല്‍പദം യുദ്ധമാണെങ്കില്‍ തിരുനബി(സ)യുടെ താക്കോല്‍പദം രമ്യതയുടേതാണ്. ഇത്തരമൊരു ഭാഷയുടെയും സമീപനത്തിന്റെയും കുറവാണ് ആധുനിക നിയമ വ്യവസ്ഥകളെയും സ്ഥാപനങ്ങളെയും മര്‍ദക സ്വഭാവമുള്ളതാക്കി തീര്‍ക്കുന്നത് എന്നതിന് ചരിത്രത്തില്‍ ഉദാഹരങ്ങള്‍ കാണാനാകും. അനുരഞ്ജനമാണ് മികച്ച പ്രാര്‍ഥന എന്ന് കരുതുന്നവരെ ഇല്ലാതാക്കാന്‍ വേണ്ടിയാണല്ലോ സംസ്‌കാരങ്ങളുടെ സംഘട്ടനം എന്ന ഫോര്‍മുല തന്നെ അവതരിക്കപ്പെട്ടത്.