11 കെ വി ലൈനില്‍ ഇരുമ്പ് പൈപ്പ് തട്ടി യുവാവിന് ദാരുണാന്ത്യം

Posted on: October 26, 2020 8:38 pm | Last updated: October 27, 2020 at 7:53 am

റാന്നി | പഴവങ്ങാടി മാടത്തുംപടിയിലെ സ്വകാര്യ റബര്‍ നഴ്‌സറിയിലെ ജീവനക്കാരന്‍  11 കെ വി ലൈനില്‍ ഇരുമ്പ് പൈപ്പ് തട്ടി ഷോക്കേറ്റ് മരിച്ചു. പൊന്‍കുന്നം കൂരാലി ഇളംങ്ങുളം  സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ എ ജി പ്രദീപ് കുമാര്‍ (34 ) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

നഴ്‌സറിയിലെ ഡ്രൈവറായ പ്രദീപ് വാഹനം ഷെഡില്‍ കയറ്റി ഇടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. ഉപയോഗ ശൂന്യമായ പഴയ ഷെഡില്‍ ഉണ്ടായിരുന്ന വലിയ പൈപ്പ് എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ 11 കെ വി ലൈനില്‍ മുട്ടുകയായിരുന്നു. എസ് സി പടി മുതല്‍ വയലിലൂടാണ് 11 കെ വി ലൈന്‍ പോകുന്നത്.

നഴ്‌സറി തുടങ്ങാന്‍ വയല്‍ മണ്ണിട്ട് നികത്തിയതാണ്. ഇതോടെ ഭൂമിയും ലൈനും തമ്മിലുള്ള പൊക്കം കുറഞ്ഞതും അപകടത്തിന് കാരണമായി. നഴ്‌സറിയിലെ ചെടികള്‍ക്ക് സൂര്യ പ്രകാശം നേരിട്ടേല്‍ക്കാതിരിക്കാന്‍ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് മറ തീര്‍ത്തിട്ടുണ്ട്. ഇത്തരത്തിലുപയോഗിച്ച പൈപ്പാണ് മരണകാരണമായത്.

റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്‍, എസ് ഐ സിദ്ദിഖ്  തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് ടെസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ:അശ്വതി. മക്കള്‍: ആരാധിക, അഹല്യ, അനശ്വര.