Connect with us

Kottayam

ആർ എസ് എസ് സേവാഭാരതി കേന്ദ്രം വീണ്ടും സന്ദർശിച്ച് തിരുവഞ്ചൂർ

Published

|

Last Updated

കോട്ടയം | വിവാദങ്ങൾക്കിടെ വീണ്ടും കോട്ടയം പനച്ചിക്കാട് ആർ എസ് എസ് സേവാഭാരതി  കേന്ദ്രത്തിലെത്തി  കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാവിലെ പത്തരയോടെയാണ് പനച്ചിക്കാട് ക്ഷേത്രത്തില്‍ ആര്‍ എസ് എസ് സേവന വിഭാഗമായ സേവാഭാരതി നടത്തുന്ന ഊട്ടുപുര തിരുവഞ്ചൂർ വീണ്ടും സന്ദര്‍ശിച്ചത്.

പനിച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള സേവാ ഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തിയത് കഴിഞ്ഞ ദിവസം ഏറെ വിവാദമായിരുന്നു. ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയെന്ന് സിപിഎം  വിമര്‍ശനമുന്നയിച്ചു. എന്നാല്‍, അമ്പലത്തില്‍ പോയാല്‍ ആര്‍ എസ് എസ് ആകുമോ എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. അമ്പലത്തില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് താന്‍ അന്നദാന മണ്ഡപത്തില്‍ പോയതെന്നും പനച്ചിക്കാട് ക്ഷേത്രത്തില്‍ എല്ലാ മതസ്ഥരും പോകാറുണ്ടെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

ശബരിമല വിവാദവും തുടർ സംഭവങ്ങളും മറക്കരുതെന്നും പനച്ചിക്കാട് ക്ഷേത്രത്തെയാണ് സി പി എം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും ആര്‍ എസ് എസുമായി ചര്‍ച്ച നടത്താന്‍ എത്തി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കൊവിഡ് വ്യാപന സാഹചര്യത്തിൽ പനച്ചിക്കാട് ക്ഷേത്രത്തിൽ ഇത്തവണ അന്നദാന വഴിപാട് ഉണ്ടായിരുന്നില്ല. തുടർന്ന് ക്ഷേത്രത്തിനു സമീപം ആർ എസ് എസ് കെട്ടിടം വാടകക്കെടുക്കുകയും അന്നദാനം ഏറ്റെടുത്ത് നടത്തി വരികയുമാണ്.