പ്ലസ് വണ്‍ ക്ലാസുകളും കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍; നവംബര്‍ രണ്ട് മുതല്‍ സംപ്രേഷണം തുടങ്ങും

Posted on: October 26, 2020 12:11 pm | Last updated: October 26, 2020 at 3:20 pm

തിരുവനന്തപുരം | പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഫസ്റ്റ്‌ബെല്ലില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. പ്ലസ് വണ്‍ ക്ലാസുകള്‍ കൂടി തുടങ്ങുന്നതോടെ ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.
ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒരു പൊതുസൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വ്ന്നിരുന്നു.

ഇനി മുതല്‍ ജനറല്‍, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസുകളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ ളശൃേെയലഹഹ.സശലേ.സലൃമഹമ.ഴീ്.ശി പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് കൈറ്റ് സി ഇ ഒ. കെ അന്‍വര്‍ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ത്തില്‍ അധികം ക്ലാസുകള്‍ ഈ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. സമയ ലഭ്യതയുടെ പ്രശ്‌നമുള്ളതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം.