Connect with us

National

ബിഹാര്‍ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Published

|

Last Updated

പാറ്റ്‌ന | ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 71 മണ്ഡലങ്ങളാണ് ബുധനാഴ്ച വിധിയെഴുതുക. 243 സീറ്റുള്ള നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്.
ജനതാദള്‍ (യുനൈറ്റഡ്) ബി ജെ പി, ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച് എ എം), മുകേഷ് സഹാനി നേതൃത്വം നല്‍കുന്ന വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി ഐ പി) എന്നീ പാര്‍ട്ടികളടങ്ങുന്ന സഖ്യവും രാഷ്ട്രീയ ജനതാദളും (ആര്‍ ജെ ഡി) കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചേരുന്ന സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 39ലും എന്‍ ഡി എയാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുന്ന ലോക്ജനശക്തി പാര്‍ട്ടി, ലോക്സഭയിലേക്ക് സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത് എന്ന വ്യത്യാസമുണ്ടായിരുന്നുവെന്ന് മാത്രം.
243 അംഗ നിയമസഭയില്‍ 121 സീറ്റിലാണ് ബി ജെ പി മത്സരിക്കുന്നത്. 122 സീറ്റ് ജെ ഡി (യു)ക്കാണ്. അതില്‍ ഏഴ് സീറ്റ് എച്ച് എ എമ്മിന് ജെ ഡി(യു) നല്‍കിയിട്ടുണ്ട്. ദേശീയ തലത്തില്‍ എന്‍ ഡി എയില്‍ തുടരുന്നുവെങ്കിലും ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുകയാണ് ലോക്ജനശക്തി പാര്‍ട്ടി. ജെ ഡി(യു)യുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് ഒറ്റക്ക് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച പാര്‍ട്ടി, ജെ ഡി(യു) മത്സരിക്കുന്ന ഏതാണ്ടെല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

Latest