ജനവിധി ബിഹാറിനെ രക്ഷിക്കട്ടെ

എന്‍ ഡി എക്ക് കേവല ഭൂരിപക്ഷമോ വലിയ ഭൂരിപക്ഷമോ പ്രവചിക്കുന്ന അഭിപ്രായ സര്‍വേ സംഘഗാനങ്ങളാകണമെന്നില്ല ബിഹാറിലെ ജനവിധി.
Posted on: October 26, 2020 4:05 am | Last updated: October 25, 2020 at 11:43 pm

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് കേവല ഭൂരിപക്ഷമോ വലിയ ഭൂരിപക്ഷമോ പ്രവചിക്കുന്നതാണ് ഏതാണ്ടെല്ലാ അഭിപ്രായ സര്‍വേകളും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം കണക്കിലെടുത്താല്‍ ജനതാദളും (യുനൈറ്റഡ്) ബി ജെ പിയും ചേരുന്ന സഖ്യത്തിന് വെല്ലുവിളിയുയര്‍ത്താന്‍ പാകത്തിലേക്ക് തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതാദളും (ആര്‍ ജെ ഡി) കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചേരുന്ന സഖ്യം ശക്തിയാര്‍ജിച്ചോ എന്ന സംശയം ന്യായമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 39ലും എന്‍ ഡി എയാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുന്ന ലോക്ജനശക്തി പാര്‍ട്ടി, ലോക്‌സഭയിലേക്ക് സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത് എന്ന വ്യത്യാസമുണ്ടായിരുന്നുവെന്ന് മാത്രം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്രാധികാരം കൈയടക്കിയതിന് ശേഷം 2015ല്‍ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി (യു)യുമായുള്ള സഖ്യമില്ലാതെ തന്നെ ബിഹാറില്‍ 22 സീറ്റില്‍ വിജയിക്കാന്‍ സാധിച്ച ബി ജെ പി സഖ്യകക്ഷിയായ എല്‍ ജെ പിക്കൊപ്പം നിയമസഭയിലും ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രചാരണം. അന്നും അഭിപ്രായ സര്‍വേകളില്‍ വലിയൊരളവ് ബി ജെ പിക്കൊപ്പമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നുള്ളതിനേക്കാള്‍ വലിയ പ്രതിച്ഛായ അന്നുണ്ടായിരുന്നു. മോദിയായിരുന്നു ബി ജെ പിയുടെ മുഖ്യ പ്രചാരകനും. എന്നിട്ടും ആര്‍ ജെ ഡി – ജെ ഡി (യു) – കോണ്‍ഗ്രസ് സഖ്യം വലിയ വിജയം നേടി. മതനിരപേക്ഷ കക്ഷികള്‍ യോജിച്ചു നിന്നാല്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ പ്രയാസമില്ലെന്നതിന് തെളിവായി ബിഹാര്‍ ഫലം ഉയര്‍ത്തിക്കാട്ടപ്പെടുകയും ചെയ്തു. വൈകാതെ ആര്‍ ജെ ഡി – കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് എന്‍ ഡി എയിലേക്ക് മടങ്ങുകയായിരുന്നു നിതീഷ്. സഖ്യ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ ജെ ഡി ശക്തിയാര്‍ജിക്കുന്നുവെന്ന തോന്നലാണ് നിതീഷിനെ സഖ്യമുപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.
2020ലേക്ക് വരുമ്പോള്‍ എന്‍ ഡി എയും ആര്‍ ജെ ഡി – കോണ്‍ഗ്രസ് – ഇടത് സഖ്യവും തമ്മിലുള്ള മത്സരവും എന്‍ ഡി എക്കുള്ളിലെ മത്സരവും നടക്കുന്നുവെന്നതാണ് പ്രത്യേകത. രണ്ട് മത്സരങ്ങളിലും പ്രതിരോധത്തില്‍ നില്‍ക്കുന്നത് നിതീഷ് കുമാറും ജനതാദളു(യുനൈറ്റഡ്)മാണ്. കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ സഖ്യങ്ങളിലൂടെ ശക്തിയാര്‍ജിക്കുക എന്നതായിരുന്നു ബി ജെ പിയുടെ തന്ത്രം. കര്‍ണാടകയില്‍ ജനതാദളു(എസ്)മായി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ടതിലൂടെ സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ ശക്തിയായി മാറാന്‍ അവര്‍ക്ക് സാധിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കി അധികാരം പിടിക്കുമ്പോള്‍ ബി ജെ പി സഖ്യത്തിലെ രണ്ടാം കക്ഷി മാത്രമായിരുന്നു. രണ്ട് ദശകം പിന്നിടുമ്പോഴേക്കും ശിവസേനയെ രണ്ടാം കക്ഷിയാക്കാന്‍ ബി ജെ പിക്ക് സാധിച്ചു. സഖ്യങ്ങളുണ്ടാക്കുകയും സഖ്യകക്ഷികളുടെ വോട്ട് ബേങ്കിനെ സ്വന്തമാക്കുകയും ചെയ്യുക എന്ന അതേ തന്ത്രമാണ് ബിഹാറിലും ബി ജെ പി നടപ്പാക്കിയത്. ഈ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ അധികാരത്തില്‍ തിരിച്ചെത്തിയാലും ഇല്ലെങ്കിലും ബി ജെ പിയുടെ തന്ത്രം വിജയിക്കുമെന്ന് ഉറപ്പാണ്. ബിഹാറില്‍ ബി ജെ പിയെ വലിയ ശക്തിയാക്കിയതിന്റെ ക്രെഡിറ്റ്, ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന സോഷ്യലിസ്റ്റ് നേതാവ് നിതീഷ് കുമാറിന് അവകാശപ്പെടാനുമാകും.

ALSO READ  പോക്‌സോ കേസുകളില്‍ ലാഘവമരുത്

243 അംഗ നിയമസഭയില്‍ 121 സീറ്റിലാണ് ബി ജെ പി മത്സരിക്കുന്നത്. 122 സീറ്റ് ജെ ഡി (യു)ക്കാണ്. അതില്‍ ഏഴ് സീറ്റ് ജിതിന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിക്ക് ജെ ഡി(യു) നല്‍കി. ദേശീയ തലത്തില്‍ എന്‍ ഡി എയില്‍ തുടരുന്നുവെങ്കിലും ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുകയാണ് ലോക്ജനശക്തി പാര്‍ട്ടി. ജെ ഡി(യു)യുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് ഒറ്റക്ക് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച പാര്‍ട്ടി, ജെ ഡി(യു) മത്സരിക്കുന്ന ഏതാണ്ടെല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സീറ്റ് ലഭിക്കാതെ ബി ജെ പിയില്‍ നിന്ന് പുറത്തുപോന്ന നേതാക്കളൊക്കെ എല്‍ ജെ പിയുടെ സ്ഥാനാര്‍ഥികളുമാണ്. ദളിത് വിഭാഗങ്ങളുടെ പിന്തുണയാണ് ലോക്ജനശക്തി പാര്‍ട്ടിയുടെ ശക്തി. ഒറ്റക്ക് മത്സരിക്കുന്ന പാര്‍ട്ടിക്ക് ഉറച്ച് പ്രതീക്ഷിക്കാവുന്നത് അഞ്ച് സീറ്റ് മാത്രം. പരമാവധി പോയാല്‍ പത്ത് സീറ്റ്. എന്നാല്‍ ചില മണ്ഡലങ്ങളിലെങ്കിലും ജെ ഡി (യു)യുടെ വിജയം തടയാന്‍ എല്‍ ജെ പിക്ക് സാധിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് എല്‍ ജെ പി നേതാവ് രാം വിലാസ് പാസ്വാന്റെ മരണം. ഇതുണ്ടാക്കുന്ന സഹതാപ തരംഗം കൂടി പ്രതീക്ഷിക്കുന്നു മകനും എല്‍ ജെ പി നേതാവുമായ ചിരാഗ് പാസ്വാന്‍. ദീര്‍ഘകാലമായി തുടരുന്ന ഭരണത്തിനെതിരായ വികാരത്തിനൊപ്പം എല്‍ ജെ പിയുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് അധികം സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം.

നിയമസഭയിലേക്ക് ഒറ്റക്ക് മത്സരിക്കാനുള്ള ചിരാഗ് പാസ്വാന്റെ തീരുമാനത്തിന് പിറകില്‍ ബി ജെ പിയാണെന്ന സംശയം ജെ ഡി (യു)ക്കുണ്ട്. തങ്ങള്‍ക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണം കുറച്ച്, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണ നേതൃത്വം ഏറ്റെടുക്കാനുള്ള ബി ജെ പി തന്ത്രമാണിതെന്നും. ആ സംശയമുള്ളതുകൊണ്ടു തന്നെ ജെ ഡി(യു)യുടെ പൂര്‍ണ പിന്തുണ ഇക്കുറി ബി ജെ പിക്കുണ്ടാകുമോ എന്നതില്‍ സംശയമുണ്ട്. ബി ജെ പിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം തങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ അധികമാകാതിരിക്കാന്‍ നിതീഷ് ശ്രമിക്കുമെന്ന് ചുരുക്കം. എന്‍ ഡി എക്കുള്ളില്‍ നടക്കുന്ന ഈ മത്സരം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നിര്‍ണാകയമായി സ്വാധീനിക്കാന്‍ ഇടയുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ അരങ്ങേറിയത് പോലെ, തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ളൊരു തിരഞ്ഞെടുപ്പിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയേക്കാം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും ബിഹാറിലെ ജനവിധിയെ മാറ്റിമറിച്ചേക്കാം. പൗരത്വ നിയമ ഭേദഗതിയുള്‍പ്പെടെ രണ്ടാം മോദി സര്‍ക്കാറിന്റെ പല നടപടികളും രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍, പ്രത്യേകിച്ച് മുസ്‌ലിംകളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ബി ജെ പിയുടെ സഖ്യകക്ഷിയായി തുടരുമ്പോഴും ബിഹാറിലെ മുസ്‌ലിംകളുടെ പിന്തുണ നിലനിര്‍ത്താന്‍ നിതീഷ് കുമാറിന് സാധിച്ചിരുന്നു. ഭഗത്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം നീതി ലഭ്യമാക്കിയും മറ്റുമാണ് നിതീഷ് ആ പിന്തുണ നിലനിര്‍ത്തിയത്. പുതിയ സാഹചര്യത്തില്‍ ആ പിന്തുണ നിതീഷ് കുമാറിന് ഉറപ്പിക്കാനാകില്ല. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരില്‍ 17 ശതമാനം മുസ്‌ലിംകളാണ്. ഈ വോട്ട് ആര്‍ ജെ ഡി – കോണ്‍ഗ്രസ് – ഇടത് സഖ്യത്തിന് ലഭിച്ചാല്‍ നിതീഷിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും.

ALSO READ  നാടോടി വിജ്ഞാന വഴികളിലൂടെ സഞ്ചരിച്ച കഥകൾ

മറ്റൊന്ന് കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിലുണ്ടായ പാളിച്ചയും അതിനെ പ്രതിരോധിക്കാന്‍ മുന്നൊരുക്കമില്ലാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് നാടുകളിലേക്ക് ദുരിത യാത്ര നടത്തേണ്ടിവന്ന പതിനായിരക്കണക്കായ ബിഹാറികളുടെ പ്രയാസങ്ങളുമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലുപേക്ഷിച്ച് മടങ്ങേണ്ടി വന്നവരും അവരുടെ കുടുംബങ്ങളും നേരിടുന്ന വലിയ പ്രയാസങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തന്നെ കരുതണം. എന്ന് വരുമെന്ന് തിട്ടമില്ലാത്ത കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം കൊണ്ട് വോട്ട് അനുകൂലമാക്കാനാകുമെന്ന് തോന്നുന്നില്ല.
കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഗുരുതരമായ പ്രശ്‌നമായി മാറിയിരുന്നു ബിഹാറില്‍. അതിനൊപ്പമാണ് പതിനായിരങ്ങള്‍ക്ക് താത്കാലികമായെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവന്നത്. അധികാരം ലഭിച്ചാല്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴിലെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം, അതിന്റെ പ്രായോഗികതയില്‍ സംശയിക്കുമ്പോള്‍ പോലും യുവാക്കളെ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണ്. വര്‍ഗീയതയുടെ കണക്കില്‍ ബി ജെ പിയും ജാതിക്കണക്കില്‍ ജെ ഡി(യു)യും പ്രതീക്ഷിക്കുന്ന വിളവെടുപ്പിനെ ഇതൊരുപക്ഷേ തളര്‍ത്തിയേക്കാം.

എന്‍ ഡി എക്ക് കേവല ഭൂരിപക്ഷമോ വലിയ ഭൂരിപക്ഷമോ പ്രവചിക്കുന്ന അഭിപ്രായ സര്‍വേ സംഘഗാനങ്ങളാകണമെന്നില്ല ബിഹാറിലെ ജന വിധി. തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷമുള്ള രാഷ്ട്രീയ ധ്രുവീകരണത്തിന് അവസരം തുറക്കുന്നതാകാം. കര്‍ണാടകയിലും മധ്യപ്രദേശിലും നടത്തി വിജയിപ്പിച്ചതും മഹാരാഷ്ട്രയില്‍ പാളിപ്പോയതുമായ അട്ടിമറിക്ക് ലജ്ജ കൂടാതെ ശ്രമിക്കാന്‍ ബി ജെ പിക്ക് അവസരം നല്‍കുന്നതുമാകാം. ഒരുപക്ഷേ, 2015ലേതിനേക്കാള്‍ ശ്രദ്ധിക്കപ്പെടും 2020ലെ ബിഹാര്‍ ഫലം.