മാതൃഭാഷയോട് മുഖംതിരിഞ്ഞു നില്‍ക്കുന്നവരായി പുതുതലമുറ മാറരുത്: സ്പീക്കർ

Posted on: October 25, 2020 6:02 pm | Last updated: October 25, 2020 at 6:05 pm

ദമാം | കേവല ഭാഷാ പഠനത്തിനപ്പുറം ഭാഷാപരമായ നവോത്ഥാനമായി മലയാള പഠനം‌ മാറണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും രൂപപ്പെട്ടത് ഇത്തരം നവോത്ഥാനത്തിലൂടെയാണെന്നും  മാതൃഭാഷയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരായി പുതു തലമുറ മാറരുതെന്നും അദ്ദേഹം പറഞ്ഞു.  മലയാളം മിഷന്‍ ദമാം മേഖലാ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.

ഈ മനോഹര ഭാഷ ജാതി മത വര്‍ഗ വര്‍ണ വ്യത്യാസങ്ങള്‍ ഇല്ലാതെ വരും തലമുറക്കായി തടസങ്ങളില്ലാത്ത ഒരു പുഴ പോലെ ഒഴുകി കൊണ്ടേയിരിക്കുമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മലയാളo മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോർജ് പറഞ്ഞു.

മലയാളം മിഷന്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍ മലയാളം മിഷന്റെ പഠന രീതികള്‍ പരിചയപ്പെടുത്തി.
മിഷൻ മേഖല പ്രസിഡന്റ് അനു രാജേഷ് അധ്യക്ഷ നായിരുന്നു. നവോദയ ജന. സെക്രട്ടറി പ്രദീപ് കൊട്ടിയം, ദമാം മീഡിയ ഫോറം പ്രസിഡണ്ട് സാജിദ് ആറാട്ടുപുഴ, കെ എം സി സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലിക്കുട്ടി ഒളവട്ടുര്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ സഊദി നാഷ്ണൽ കൗൺസിൽ ജനറൽ സെക്രട്ടറി ഷബീർ അക്കോട്, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ഭാരവാഹികളായ മുബാറക് സാനി, താഹ കൊല്ലേത്ത് പങ്കെടുത്തു.

ടൊയോട്ട ജലവിയ, ഹുഫൂഫ്, മുബറസ്, തുഖ്ബ, ടൊയോട്ട ബാദിയ, റാക്ക, ജുബൈൽ ടൗണ്‍ എന്നീ പഠന കേന്ദ്രങ്ങളും അവതരിപ്പിച്ച ദൃശ്യകലാവിരുന്ന് പ്രവേശനോത്സവം വര്‍ണാഭമാക്കി. മലയാളം മിഷന്‍ ദമാം മേഖലാ സെക്രട്ടറി രശ്മി രാമചന്ദ്രന്‍ സ്വാഗതം കണ്‍വീനര്‍ ധനേഷ് കുമാര്‍ നന്ദിയും പറഞ്ഞു.