Connect with us

National

ഖാദി പോലുള്ള സ്വദേശി ഉത്പന്നങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം: മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | മന്‍ കി ബാത്തില്‍ ഖാദി പോലുള്ള സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി പ്രധാന മന്ത്രി. ആഘോഷാവസരങ്ങളില്‍ ഷോപ്പിംഗിന് പോകുമ്പോള്‍ സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കാന്‍ നിങ്ങള്‍ തയാറാകണം. നമ്മുടെ ഉത്പന്നങ്ങളെ ലോകം ഏറെ താത്പര്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും ഖാദി ഇതിന് വലിയ ഉദാഹരണമാണെന്നും പ്രധാന മന്ത്രി പറഞ്ഞു. നമ്മുടെതായ വസ്തുക്കളിലും കാര്യങ്ങളിലും നാം അഭിമാനം കൊള്ളുമ്പോള്‍ ലോകത്തിനും അവയോടുള്ള കൗതുകം വര്‍ധിക്കും.

ഉത്സവ കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ നിയന്ത്രിച്ചതില്‍ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിസന്ധിക്കു മേല്‍ ക്ഷമയുടെ വിജയം കുറിക്കുന്ന ആഘോഷം കൂടിയാണ് ദസറ. നിയന്ത്രണങ്ങള്‍ പാലിച്ച് മിതമായാണ് നിങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അതിനാല്‍ത്തന്നെ കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ നാം വിജയം നേടുമെന്ന് ഉറപ്പാണ്. ഈ അവസരത്തിലും നമുക്കു വേണ്ടി ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ നാം ആദരവോടെ സ്മരിക്കണം. അവരില്ലായിരുന്നുവെങ്കില്‍ നമ്മുടെ ജീവിതം വളരെ പ്രയാസകരമാകുമായിരുന്നു. ഉത്സവ കാലത്തും അതിര്‍ത്തി സംരക്ഷിച്ചു നിലകൊള്ളുന്ന ജവാന്മാരെയും നാം ഓര്‍ക്കണം. രാജ്യത്തിന്റെ ഈ ധീര പുത്രന്മാര്‍ക്കു വേണ്ടി നാം ദീപങ്ങള്‍ തെളിയിക്കണമെന്നും പ്രധാന മന്ത്രി ആഹ്വാനം ചെയ്തു.