സി പി എം നേതാക്കളുടേത് അമ്മ പെങ്ങന്‍മാര്‍ക്ക് കേള്‍ക്കാന്‍ പറ്റാത്ത ഭാഷ: തിരുവഞ്ചൂര്‍

Posted on: October 24, 2020 12:17 pm | Last updated: October 24, 2020 at 3:38 pm

കോട്ടയം |  സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കടുത്ത വിമര്‍ശനവുയി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നാട്ടിലെ അമ്മ പെങ്ങന്മര്‍ക്ക് കേള്‍ക്കാനാവാത്ത ഭാഷയാണ് സി പി എം നേതാക്കള്‍ ചാനലില്‍ പറയുന്നത്. തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി പി എമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയവും സി പി എമ്മും തമ്മില്‍ ഇന്ന് പുലബന്ധം പോലുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഏത് ആര്‍ എസ് എസ് നേതാവുമായാണ് താന്‍ ചര്‍ച്ച നടത്തിയത് എന്ന് തെളിയിക്കാന്‍ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുകയാണ്. അമ്പലത്തില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് താന്‍ അന്നദാന മണ്ഡപത്തില്‍ പോയത്. അമ്പലത്തില്‍ പോയാല്‍ ആര്‍ എസ് എസ് ആകുമോ. പനച്ചിക്കാട് ക്ഷേത്രത്തില്‍ എല്ലാ മതസ്ഥരും പോകാറുണ്ട്. ഇനി തനിക്കെതിരെ പറഞ്ഞാല്‍ താന്‍ അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ താനും പറയും. അത് കോടിയേരിക്ക് വിഷമമാകും. ചില പൂജകള്‍ തിരിച്ചടിക്കും, അതാണ് ഇപ്പൊ കോടിയേരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബി ജെ പിയിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സി പി എം ഇപ്പോള്‍ നടത്തുന്നത്. ഇതൊരു രാഷ്ട്രീയ ആയുധമായി ആണ് സി പി എം ഉപയോഗിക്കുന്നതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.