Connect with us

Kerala

കെ എം ഷാജിയുടെ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലും വന്‍ പൊരുത്തക്കേടുകള്‍

Published

|

Last Updated

കോഴിക്കോട് |  പ്ലസ്ടു അനുവദിക്കുന്നതിന് കൊഴ, അനധികൃതമായി വീട് നിര്‍മിച്ച് എന്നീ ആരോപണങ്ങള്‍ക്ക് പിന്നാലെ കെ എം ഷാജി എം എല്‍ എയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളും പുറത്തുവരുന്നു. ഷാജിയുടെ സ്വത്ത് വന്‍ തോതില്‍ വര്‍ധിച്ചെങ്കിലും ആസ്തിയുടെ മൂല്യം കുറച്ചുകാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് കുടുംബപരമായി വയനാട്ടില്‍ വലിയ സ്വത്തുണ്ടെന്നാണ് ഷാജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തയിത്. എന്നാല്‍ 2016ലെ നാമനിര്‍ദേശ പട്ടികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വലിയ പൊരുത്തക്കേടുകളാണുള്ളത്.

2011ല്‍ അഴീക്കോട് മണ്ഡലത്തില്‍ ഷാജി ആദ്യം മത്സരിക്കാനെത്തിയപ്പോള്‍ വയനാട് വൈത്തിരിയിലുള്ള സ്ഥലത്തിന്റെ മൂല്യം 28,92,500 ആയാണ് കാണിച്ചത്. എന്നാല്‍ 2016ല്‍ മത്സരിച്ചപ്പോള്‍ ഇതേ സ്ഥലത്തിന്റെ വില എട്ട് ലക്ഷമായി കുറച്ചാണ് കാണിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷംകൊണ്ട് കേരളത്തില്‍ എവിടെയും ഭൂമി വില കുറഞ്ഞെന്ന് ആര്‍ക്കും വിശ്വസിക്കാനാകില്ല. പ്രത്യേകിച്ച് വയനാട് വൈത്തിരിയില്‍. വയനാടിന്റെ ടൂറിസം ഹബ്ബാണ് വൈത്തിരി. നൂറ്കണക്കിന് റിസോര്‍ട്ടുകളും ഹോംസേറ്റുകളുമാണ് ഇവിടുള്ളത്. ഇവിടെ സാധാരണക്കാരന്റെ ഭൂമികള്‍ വന്‍ തോതില്‍ റിസോര്‍ട്ട് മാഫിയകള്‍ വാങ്ങിക്കൂട്ടുകയാണ്. ചുരം കയറിയെത്തുന്ന ആദ്യ രണ്ട് വാര്‍ഡുകളില്‍ നാട്ടുകാരുടെ സാന്നിധ്യം തന്നെ വലിയ തോതില്‍ കുറഞ്ഞു. ഇവിടത്തെ ഭൂമികളെല്ലാം വലിയ വിലക്ക് റിസോര്‍ട്ട് മാഫിയകള്‍ക്കും മറ്റും വിറ്റൊഴിച്ച് സാധാരണക്കാര്‍ മറ്റിടങ്ങളിലേക്ക് മാറുകയാണ്. ഈ സമയത്താണ് വൈത്തിരി പഞ്ചായത്തിലുള്ള കെ എം ഷാജിയുടെ ഭൂമിക്ക് മാത്രം വില കുറഞ്ഞിരിക്കുന്നത്.

ഷാജിയുടെ ആശാ ഷാജിക്ക് 2011ല്‍ വൈത്തിരി കണിയാംപറ്റയിലെ 40.3 സെന്റ് ഭൂമിമാത്രമാണുണ്ടായിരുന്നത്. 2006-ല്‍ വിലക്ക് വാങ്ങിയ ഈ വസ്തുവിന് ആറ് ലക്ഷം രൂപയാണ് കണക്കായിരുന്നത്. എന്നാല്‍ 2016ല്‍ ഈ സ്ഥലത്തിന്റെയും വില കുറച്ചു കാണിച്ചു.

2016ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഷാജിയുടെ ആകെ വര്‍ഷികവരുമാനം 2,224,890 രൂപ മാത്രമാണ്. വാഹനം, ബേങ്ക് ഡെപ്പോസിറ്റ്, ജ്വല്ലറി തുടങ്ങിയ ഇനത്തില്‍ 21,57,851 ലക്ഷം രൂപയുമുണ്ട്. ഇതിനു പുറമെ 860000 രൂപയുടെ ലോണുമുണ്ട്. ഭാര്യ ആശയുടെ പേരില്‍ 48,70000 രൂപയുടെ ആസ്തി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഷാജിയുടെ സ്വത്ത് വിവരങ്ങളിലുള്ള ഈ പൊരുത്തക്കേടുകളും വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്. ഷാജിയുടെ സ്വത്തിന്റെ കണക്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നുണ്ട്. സത്യവാങ്മൂലത്തിലെ സ്വത്ത് വില സംബന്ധിച്ച പൊരുത്തക്കേടുകളും ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്.

Latest