ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍

Posted on: October 24, 2020 11:34 am | Last updated: October 24, 2020 at 11:34 am

മുംബൈ | ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍ കണ്ടെത്തി. 14 ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ സൂര്യബാന്‍ യാദവി(27) ന്റെ മൃതദേഹമാണ് സെവ്രിയിലെ ടിബി ആശുപത്രിയിലെ ശുചിമുറിയില്‍ നിന്നും കണ്ടെത്തിയത്. സൂര്യബാന്‍ ക്ഷയരോഗിയുമായിരുന്നു.

ഒക്ടോബര്‍ നാലിനാണ് ഇയാളെ കാണാതായത്. ആശുപത്രി ബ്ലോക്കിലെ ശുചിമുറികള്‍ ജീവനക്കാര്‍ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികള്‍ ഉപയോഗിക്കുന്നതുമാണ്. എന്നിട്ടും മൃതദേഹം കാണാതിരുന്നത് ദുരൂഹത ഉയര്‍ത്തുന്നു.

മൃതദേഹം തിരിച്ചറിയാനാകാത്ത വിധം അഴുകിയിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് കാണാതായ സൂര്യബാന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. സെപ്റ്റംബര്‍ 30നാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 40 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി.