ഹറമിലേക്ക് പൊതു ജനങ്ങള്‍ക്കും പ്രവേശനം; ആദ്യ ജുമുഅയില്‍ പങ്കെടുത്ത നിര്‍വൃതിയില്‍ വിശ്വാസികള്‍

Posted on: October 23, 2020 9:02 pm | Last updated: October 23, 2020 at 9:44 pm

മക്ക | മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പുനരാരംഭിച്ചതോടെ നടന്ന ആദ്യ ജുമുഅ നിസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹറമിലേക്ക് പ്രവേശനം അനുവദിച്ചത്. ശാരീരിക അകലത്തോടൊപ്പം ഓരോ സ്വഫ്ഫുകള്‍ക്കിടയിലും മൂന്ന് മീറ്റര്‍ അകലം വിട്ട് പ്രത്യേകം സ്റ്റിക്കര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തിയ സ്ഥലങ്ങളിലായിരുന്നു സ്വദേശികളും വിദേശികളുമായവര്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുത്തത്. എന്നാല്‍, മതാഫിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

2020 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ പതിനെട്ട് വരെ ഹറമിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ഹറം കാര്യാലയ ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കു മാത്രമായിരുന്നു നിസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്,

ഒക്ടോബര്‍ നാലിന് ആരംഭിച്ച ആദ്യഘട്ടത്തില്‍ തീര്‍ഥാടകര്‍ക്ക് ഉംറക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. രണ്ടാം ഘട്ടത്തിലാണ് ജുമുഅ ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പ്രവേശനം തുടങ്ങിയത്. രണ്ടാം ഘട്ടത്തില്‍ പ്രതിദിനം 15,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാനും 40,000 പേര്‍ക്ക് നിസ്‌കരിക്കാനും അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുഹറം കാര്യാലയ വക്താവ് ഹാനി ബിന്‍ ഹുസ്‌നി ഹൈദര്‍ പറഞ്ഞു.