Connect with us

Kerala

യാസർ എടപ്പാളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Published

|

Last Updated

മലപ്പുറം | സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിദ്വേഷ പ്രചാരണം നടത്തുകയും മന്ത്രി കെ ടി ജലീലിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യുകയും ചെയ്ത എടപ്പാൾ സ്വദേശി യാസറിനെതിരെ കൂടുതൽ നിയമ നടപടികൾക്കൊരുങ്ങി പോലീസ്.  മലപ്പുറം എസ് പി യു അബ്ദുൽ കരീം സംസ്ഥാന പോലീസ് ആസ്ഥാനത്തെ ബ്യൂറോ ഓഫ് എമിഗ്രേഷന് ലുക്ക്ഔട്ട് നോട്ടീസ് കൈമാറും. എത്രയും വേഗത്തിൽ ഇയാളെ നാട്ടിലെത്തിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്ന് കാണിച്ചാണ് നോട്ടീസ്.

ലഹളക്ക് ശ്രമിച്ചതടക്കം കഴിഞ്ഞ ഒക്ടോബർ മുതൽ മൂന്നു കേസുകളാണ് യാസറിനെതിരെ ഉള്ളത്. ലീഗിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അസഭ്യവര്‍ഷത്തിലൂടെയും അല്ലാതെയും പോരാടുന്ന ‘കൊണ്ടോട്ടി അബു’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ കൂടിയാണ് യാസര്‍ എടപ്പാള്‍. താനൂരിൽ അഞ്ചടി എന്ന സ്ഥലത്ത് മുസ്ലിം ലീഗ് പ്രവർത്തകനായ ഇസ്ഹാക്ക് കൊല്ലപ്പെട്ടതിനു പിന്നാലെ സൈബറിടങ്ങളിൽ ഇദ്ദേഹം വിദ്വേഷ പ്രചാരണങ്ങൾ നടത്തി ലഹളക്ക് ശ്രമിച്ചതായി കേസുണ്ട്. ഇതിനെതിരെ പരപ്പനങ്ങാടി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്ന് മലപ്പുറം എസ് പി പറഞ്ഞു.

കുറ്റിപ്പുറം സ്വദേശി ഹുസൈൻ എന്നയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ യാസർ നടത്തിയ അസഭ്യ പരമാർശങ്ങൾക്കെതിരെ കുറ്റിപ്പുറം സ്റ്റേഷനിലാണ് രണ്ടാമത്തെ കേസ്.  തിരൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസും വിചാരണയിലാണ്. അബ്ദുൽ മുനീർ എന്നയാൾ നൽകിയ പരാതിയിലാണ് മൂന്നാമത്തെ കേസ്.

മന്ത്രി കെ ടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്തുവെന്നും വാട്‌സ്ആപ്പിൽ നിന്നും ശബ്ദ സന്ദേശം ചോർത്തിയെന്നും കഴിഞ്ഞ ദിവസം ഇയാൾ തന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലുള്ള  അന്വേഷണം പുരോഗമിക്കുകയാണെന്നും മലപ്പുറം എസ് പി അബ്ദുൽ കരീം വ്യക്തമാക്കി.

യുവാവിനെ നാടുകടത്താൻ മന്ത്രി കെ ടി  ജലീൽ ശ്രമിച്ചുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെയാണ് യാസർ എടപ്പാൾ വാർത്തകളിൽ ഇടം പിടിച്ചത്.  സ്വന്തം മണ്ഡലത്തിൽപ്പെട്ട ഒരു യുവാവിനെ ഇത്തരത്തിൽ നാടുകടത്താൻ മന്ത്രി ഇടപെട്ടതിനെതിരേ യുവാവിന്റെ വീട്ടുകാരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സമൂഹത്തിൽ സ്‌പർധ വളർത്താൻ ശ്രമിക്കുന്ന രീതിയിലാണ് ഇയാളുടെ ഇടപെടലുകളെന്നും നിരപരാധിയായ ഒരാളെ നാടുകടത്തി തൂക്കിക്കൊല്ലാനല്ല താൻ ശ്രമിച്ചതെന്നും ഇതുസംബന്ധിച്ച് മന്ത്രി കെ ടി ജലീൽ പ്രതികരിച്ചിരുന്നു.

ലീഗ് ഐ ടി സെല്ലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യാസര്‍ എടപ്പാള്‍ എന്നയാളുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള അസഭ്യവര്‍ഷവും ഇടപെടലുകളും ചര്‍ച്ചയായ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ പി എ മജീദും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കു വേണ്ടി പോരാടാന്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയേയോ സംഘത്തേയോ ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.