വെഞ്ഞാറമ്മൂട് ഇരട്ടക്കൊല; കോണ്‍ഗ്രസ് നേതാക്കളിലേക്ക് അന്വേഷണം

Posted on: October 23, 2020 6:51 am | Last updated: October 23, 2020 at 10:29 am

തിരുവനന്തപുരം | വെഞ്ഞാറമ്മൂട് സി പി എം പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളിലേക്ക് അന്വേഷണം എത്തിയേക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ജില്ലയിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഡി സി സി സെക്രട്ടറി വെമ്പായം അനില്‍കുമാര്‍, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. പ്രതികള്‍ കൃത്യത്യത്തിന് ശേഷം ഇവരെ വിളിച്ചതായി ഫോണ്‍ രേഖയടക്കമുള്ള തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വെഞ്ഞാറമ്മൂട് സി ഐയുടെ നേൃത്വത്തില്‍ ചോദ്യം ചെയ്യല്‍.

പ്രതികള്‍ വിളിച്ചതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ പ്രതികളെ സഹായിച്ചില്ലെന്നാണ് ഇവല്‍ നല്‍കിയ മൊഴി. പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. കേസില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടുന്ന മുറക്ക് ഇവരെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടൂര്‍ പ്രകാശിനടക്കം പങ്കുണ്ടെന്നാണ് സി പി എം ആരോപിക്കുന്നത്.