ജമാഅത്ത് ധാരണയില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പു നല്‍കിയതായി ഇ കെ യുവജന വിഭാഗം

Posted on: October 22, 2020 7:59 pm | Last updated: October 22, 2020 at 7:59 pm

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുമുള്ള ധാരണക്ക് യു ഡി എഫ് തയ്യാറാവില്ലെന്നു മുസ്‌ലിം ലീഗ് ഉറപ്പു നല്‍കിയതായി ഇ കെ സമസ്ത യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

നേരത്തേ മുസ്‌ലിം ലീഗ്, സമസ്ത നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ജമാഅത്തുമായി ഒരു തരത്തിലുമുള്ള ബന്ധം ഉണ്ടാവില്ലെന്ന് ലീഗ് വ്യക്തമാക്കിയതാണ്. ഇപ്പോള്‍ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ജമാഅത്തു നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സഖ്യ നീക്കം വീണ്ടും ചര്‍ച്ചയായിരിക്കയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി വീണ്ടും വിഷയം ചര്‍ച്ച നടത്തി.

നാളെ നടക്കുന്ന യു ഡി എഫ് യോഗത്തില്‍ ഈ വിഷയം ഉന്നയിച്ച് അത്തരത്തില്‍ ഒരു സഖ്യവും ഇല്ലെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാക്കുമെന്നു കുഞ്ഞാലിക്കുട്ടി ഉറപ്പു നല്‍കിയതായും പൂക്കോട്ടൂർ പറഞ്ഞു. യു ഡി എഫുമായി സഖ്യം രൂപപ്പെട്ടതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തിയതിലൂടെ അവര്‍ക്കാണ് ഇക്കാര്യത്തില്‍ താത്പര്യം ഏറെ എന്നു വ്യക്തമാണ്.

യു ഡി എഫ് യോഗത്തോടെ ചിത്രം വ്യക്തമാകുമെന്നും തങ്ങള്‍ യു ഡി എഫ് യോഗ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.