Connect with us

National

ഉള്ളിവില കുതിക്കുന്നു; ഇറക്കുമതി ചട്ടങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കര്‍ണാടകയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ഉള്ളി വില കിലോയ്ക്ക് 11 രൂപ വരെയാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഉള്ളി ഇറക്കുമതി ചട്ടങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

മുംബൈ, പൂനെ വിപണികളില്‍ കിലോയ്ക്ക് 90 മുതല്‍ 120 രൂപവരെയാണ് ഉള്ളിവില. അഖിലേന്ത്യ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഉള്ളിയുടെ ചില്ലറ വില കിലോയ്ക്ക് 51.95 രൂപയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ കിലോയ്ക്ക് 11.56 രൂപ വര്‍ധിച്ചു. 2019 ഒക്ടോബറില്‍ ഉള്ളിക്ക് 46.33 രൂപ എന്ന നിരക്കിലാണ് വിപ്പന നടന്നിരുന്നത്. അതേസമയം, ഈവര്‍ഷം ഓഗസ്റ്റ് മുതല്‍ ഉള്ളി വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായെങ്കിലും മുന്‍ വര്‍ഷത്തെ ഈ സീണനെ അപേക്ഷിച്ച് വില പൊതുവെ കുറവാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സൂചിപ്പിച്ചു.

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഉള്ളി കൃഷിക്ക് നാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. മഴ മൂലം സംഭരിച്ച ഉള്ളിസ്റ്റോക്കും വിത്ത് നഴ്‌സറികളും നശിക്കുകയും ചെയ്തിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ ഉള്ളി ലഭ്യത ഉറപ്പാക്കുന്നതിന് ഉള്ളി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Latest