ബി ജെ പിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനവുമായി പളനിസ്വാമിയും

Posted on: October 22, 2020 5:53 pm | Last updated: October 22, 2020 at 11:06 pm

ചെന്നൈ | മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിച്ചതില്‍ ബി ജെ പിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിന് കാരണമായ കൊവിഡ് വാക്‌സിന്‍ വാഗ്ദാനവുമായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിയും. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പളനിസ്വാമിയുടെ പ്രഖ്യാപനം.

കൊവിഡ് വാക്‌സിന്‍ തയ്യാറാകുന്ന മുറക്ക് സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പളനിസ്വാമി അറിയിച്ചു. ഈ നീക്കം എ ഐ എ ഡി എം കെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് പളനിസ്വാമിക്ക്. എ ഐ എ ഡി എം കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പളനിസ്വാമിയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നിരുന്നു.

ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ്. പ്രകടന പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വന്‍തോതില്‍ കൊവിഡ് വാക്‌സിന്‍ ഉത്പാദനം സാധ്യമാകുമ്പോള്‍ ബിഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നത് ഇതാദ്യമാണ്. ഒരുപക്ഷേ ലോകത്തെ തന്നെ ആദ്യ സംഭവമാകുമിത്.