ജോസ് കെ മാണി വിഭാഗം ഇനി എല്‍ഡിഎഫ് ഘടകക്ഷി

Posted on: October 22, 2020 5:04 pm | Last updated: October 22, 2020 at 11:06 pm

തിരുവനന്തപുരം | യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇനി എല്‍ഡിഎഫിനൊപ്പം. ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയാക്കാന്‍ എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. എല്‍ഡിഎഫിലെ 11ാമത് ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.

മുന്നണിയിലെ എല്ലാ ഘടകക്ഷികളുമായും വിഷയം ചര്‍ച്ച ചെയ്തുവെന്നും കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുക്കുന്നതിനോട് അവരെല്ലാം അനുകൂലമായാണ് പ്രതികരിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ ഇത് വലിയ തോതില്‍ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

40 വര്‍ഷക്കാലം യു ഡി എഫിനൊപ്പം നിന്നശേഷമാണ് മാണി വിഭാഗം എല്‍ ഡി എഫിൽ എത്തുന്നത്. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കും.

ജോസ് വിഭാഗത്തിന്റെ വരവിനെ നേരത്തെ എതിര്‍ത്ത സി പി ഐ നിലപാട് മാറ്റിയതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എളുപ്പമായത്. ജോസിന്റെ വരവിനെ സ്വാഗതം ചെയ്യാനും മുന്നണിയുടെ പൊതു നിലപാടിനൊപ്പം നില്‍ക്കുവാനും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചിരുന്നു.

അതേ സമയം പാലാ സീറ്റിൻെറ കാര്യത്തിൽ ഉണ്ടാകാനിടയുള്ള തർക്കം വരും ദിവസങ്ങളിൽ എൽഡിഎഫിൽ കീറാമുട്ടിയാകും. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൻ സിപി നേരത്തെ വ്യക്കതമാക്കിയതാണ്.

എൽഡിഎഫ് മുന്നണിയുടെ ഭാഗമാകാൻ ജോസ് കെ മാണി ആഗ്രഹമ പ്രടിപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണ് മുന്നണി പ്രവേശം സാധ്യമായത് എന്നത് ശ്രേദ്ദേയമാണ്. 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഐഎൻഎല്ലിനെ എൽഡിഎഫ് മുന്നണിയിൽ എടുത്തത് എന്നും ഇതോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ്.