കടക്കലില്‍ യുവതി ഓട്ടോയില്‍നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവം; ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

Posted on: October 22, 2020 6:31 am | Last updated: October 22, 2020 at 3:18 pm

കൊല്ലം | കടക്കലില്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അനസ് ഇപ്പോള്‍ അറസ്റ്റിലാകുന്നത്.

ഭര്‍ത്താവ് അനസും,അനസിന്റെ മാതാവും സഹോദരിയും സുധീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനസിന്റെ അറസ്റ്റ്.