Connect with us

Articles

ന്യൂനപക്ഷവും ഇടതുപക്ഷവും

Published

|

Last Updated

ലണ്ടനില്‍ നിന്നുള്ള “ദി ന്യൂ ഇന്റര്‍നാഷനലിസ്റ്റ്” മാസികയില്‍ “പറുദീസയിലെ വിരോധാഭാസം” എന്ന ശീര്‍ഷകത്തില്‍ കേരളം കവര്‍ സ്റ്റോറിയായി വന്നപ്പോള്‍ (1993, മാര്‍ച്ച്) ലേഖിക വനേസ്സാ ബെയിര്‍ഡിന്റെ ചില നിരീക്ഷണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ശക്തമായ ഒരു ക്രിസ്തീയ സമൂഹം നിലനില്‍ക്കുന്ന ഒരു ഭൂപ്രദേശത്ത് ജനകീയാടിത്തറയുള്ള ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നതിലെ വിരോധാഭാസം ഊന്നിപ്പറഞ്ഞപ്പോഴാണ്. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ളവരെ ഇടതുപക്ഷ ചിന്താഗതിയില്‍ നിന്ന് അകറ്റി നിർത്തുന്നതിന് ആഗോളതലത്തില്‍ തന്നെ ആഴത്തിലുള്ള ചില ഗൂഢാലോചനകള്‍ നടന്നിരുന്നുവെന്ന സിദ്ധാന്തം പ്രബലമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100ാം സ്ഥാപക വാര്‍ഷികം ഒക്ടോബര്‍ 17ന് കൊണ്ടാടപ്പെട്ടപ്പോഴും ഒരു നൂറ്റാണ്ട് മുമ്പ് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കന്‍ഡില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബീജാവാപം നല്‍കാന്‍ പോയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഏഴംഗ സംഘത്തെ കുറിച്ചോ പ്രഥമ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ശഫീഖ്, ശൗക്കത്ത് ഉസ്മാനി, റഫീഖ് അഹമ്മദ്, മീര്‍ അബ്ദുല്‍ മജീദ്, ഫിറോസുദ്ദീന്‍ മന്‍സൂര്‍ തുടങ്ങിയവരെ കുറിച്ചോ കാര്യമായി എവിടെയും പരാമര്‍ശിച്ചു കണ്ടില്ല. ഒരുവേള, കമ്മ്യൂണിസ്റ്റ് ചിന്താധാര ആഴത്തില്‍ രൂഢമൂലമായിരുന്ന ഇന്തോനേഷ്യയിലും മധ്യപൗരസ്ത്യ ദേശത്തും പിന്നീട് സംഭവിച്ചത് എന്താണെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികളുടെ മുന്നില്‍ ഇന്ന് കൗതുകമുണര്‍ത്തുന്ന വിഷയം പോലുമല്ല. കമ്മ്യൂണിസവും മുസ്‌ലിം സമൂഹവും തമ്മിലുള്ള ബന്ധം അറുത്തുമാറ്റാന്‍ പടിഞ്ഞാറ് സകല തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ഒരുവേള വത്തിക്കാനും സി ഐ എയും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്.

1948ല്‍ രൂപവത്കൃതമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് 1967 വരെ, രണ്ട് പതിറ്റാണ്ടുകാലം ഇടതുപക്ഷത്തെ അകറ്റിനിര്‍ത്തി. ഒന്നാം ഇ എം എസ് മന്ത്രിസഭക്കു ശേഷം സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയാനിശ്ചിതത്വങ്ങള്‍ക്ക് അറുതിവരുന്നത് 1967ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാറിലേക്ക് മുസ്‌ലിം ലീഗിനെ മാര്‍ഗം കൂട്ടുന്നതോടെയാണ്. ചരിത്രത്തിലാദ്യമായി അതോടെ ലീഗിന് അധികാരമാസ്വദിക്കാന്‍ അവസരം വന്നിട്ടും ആ രാഷ്ട്രീയ സഖ്യവുമായി മുന്നോട്ടു പോകാന്‍ സാധിക്കാതെ പോയത്, ഇടതുപക്ഷത്ത് നിന്നുള്ള അവഗണനയോ പിടിപ്പുകേടോ കൊണ്ടായിരുന്നില്ല; മറിച്ച് കോണ്‍ഗ്രസിന്റെയും ബാഹ്യശക്തികളുടെയും ലീഗിന്മേലുള്ള സമ്മര്‍ദം ശക്തമായതിനാലാണ്. ഒരുവേള കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത ആരാഞ്ഞ് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇസ്മാഈല്‍ സാഹിബ് അന്നത്തെ എ ഐ സി സി അധ്യക്ഷന്‍ കാമരാജിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് കണ്ട കഥ മുഹമ്മദ് റാസാഖാന്‍ “വാട്ട് പ്രൈസ് ഫ്രീഡം” എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കേരളത്തില്‍ ലീഗിനെ കോണ്‍ഗ്രസിനൊപ്പം കൂട്ടണമെന്ന് കേണപേക്ഷ നടത്തിയതും ഇപ്പോള്‍ നിങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ആവശ്യം വരുമ്പോള്‍ അറിയിക്കാമെന്നും പറഞ്ഞ് ഇസ്മാഈല്‍ സാഹിബിനെ തിരിച്ചയച്ചതും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. ആയിടക്കാണ് മുസ്‌ലിം ലീഗ് ചത്ത കുതിരയാണെന്ന് കേരളത്തില്‍ വന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പരസ്യമായി അവഹേളിക്കുന്നത്. എന്നിട്ടും കാലക്രമേണ മനംമാറ്റമുണ്ടാകാം എന്ന പ്രതീക്ഷയോടെ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കാന്‍ ഇസ്മാഈല്‍ സാഹിബ് കൈക്കൊണ്ട തീരുമാനത്തിലെ അബദ്ധം എടുത്തുകാട്ടി, ലീഗിന്റെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം അകപ്പെടുത്തിയ രാഷ്ട്രീയ മുരടിപ്പിനെ കുറിച്ച് തിയോഡര്‍ റൈറ്റ് വിലപിക്കുന്നുണ്ട്.
തുല്യദുഃഖിതരുടെ അനുഭവങ്ങള്‍
ന്യൂനപക്ഷങ്ങള്‍ ഇടത് ചേരിയുമായി അടുക്കുമ്പോള്‍ അതില്‍ അപകടം മണക്കുന്ന ഇവിടുത്തെ മാധ്യമങ്ങളുടെ രാഷ്ട്രീയ അജന്‍ഡ ഇതുവരെ യഥോചിതം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം പല ഘട്ടങ്ങളിലായി മുസ്‌ലിം ലീഗില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും മത, സാംസ്‌കാരിക വിഭാഗത്തില്‍ നിന്നോ ഒരു വിഭാഗം ഇടത് ചേരിയിലേക്ക് നീങ്ങുമ്പോള്‍ അത് മഹാ അപരാധമായാണ് അവതരിപ്പിക്കാറുള്ളത്. സ്റ്റാറ്റസ്‌കോ നിലനിന്ന് കാണാനുള്ള വ്യഗ്രതയില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന വാര്‍ത്താ നിര്‍മിതിയുടെയും വികല അപഗ്രഥനങ്ങളുടെയും പിന്നിലെ രാഷ്ട്രീയം വിശകലന വിധേയമാകാറില്ല. കേരളത്തിലെ ക്രൈസ്തവ രാഷ്ട്രീയത്തിന്റെ അന്തര്‍ധാര സത്യസന്ധമായും വസ്തുനിഷ്ഠമായും ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെയും കൂടുമാറ്റത്തിന്റെയും മത, സാമൂഹിക, രാഷ്ട്രീയ ഘടകങ്ങളെ വ്യവച്ഛേദിച്ച് പരിശോധിക്കാനോ പള്ളിക്കാരുടെയും പട്ടക്കാരുടെയും ആത്മീയ നിലവറകളിലേക്ക് ഇറങ്ങിച്ചെല്ലാനോ ആരും ധൈര്യപ്പെടാറില്ല. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് 1964 ഒക്ടോബര്‍ ഒന്നിന് മന്നത്ത് പത്മനാഭന്റെ കൃപാശിസ്സുകളോടെ കെ എം ജോര്‍ജും ആര്‍ ബാലകൃഷ്ണപിള്ളയും ചേര്‍ന്ന് കോട്ടയം തിരുനക്കര മൈതാനിയില്‍ കേരള കോണ്‍ഗ്രസിന് തുടക്കം കുറിച്ചപ്പോള്‍ സ്വാഭാവികമായും അതിന്റെ ഭാവിഭാഗധേയം ഇടത് പക്ഷത്താണെന്ന് എല്ലാവരും വിധിയെഴുതിയതാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ 23 സീറ്റ് നേടി കോണ്‍ഗ്രസിനെ ഞെട്ടിച്ച ആ “കേരള പ്രതിഭാസത്തെ” തകര്‍ക്കാന്‍ കോണ്‍ഗ്രസ് കേരളത്തിലും ദേശീയതലത്തിലും നടത്തിയ ആസൂത്രിത നീക്കങ്ങളാണ് അധികം വൈകാതെ കേരള കോണ്‍ഗ്രസിനെ ഐക്യജനാധിപത്യ മുന്നണിയില്‍ എത്തിക്കുന്നത്. ഇതിനകം 14 പിളര്‍പ്പുകളിലൂടെ പാര്‍ട്ടി ശിഥിലീഭവിക്കാന്‍ ഇടയാക്കിയതും കോണ്‍ഗ്രസിന്റെ ഈ ധൃതരാഷ്ട്രാലിംഗനം തന്നെയാണ്. 1969 ആയപ്പോഴേക്കും തങ്ങളുടെ “ശത്രുക്കള്‍” നിലയുറപ്പിച്ച പക്ഷവുമായി ചേര്‍ന്ന് അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ എം ജോര്‍ജ് മന്ത്രിയാകുന്നതും 73ല്‍ ആദ്യ പിളര്‍പ്പിന് പാര്‍ട്ടി നിന്നുകൊടുക്കേണ്ടി വന്നതുമെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഗതി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാട് വളര്‍ത്തുന്നതില്‍ സഭയും ഒരു വിഭാഗം മാധ്യമങ്ങളും വിജയിച്ചത് കൊണ്ടാണ്. ക്രൈസ്തവ രാഷ്ട്രീയത്തെ സഭകളായിരുന്നു ആത്യന്തികമായി നിയന്ത്രിച്ചിരുന്നത്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ സ്ഥിതി മറിച്ചാണ്. ചില മത നേതൃത്വത്തിന്റെ വാല് സാമുദായിക രാഷ്ട്രീയക്കാരുടെ അമ്മിക്കടിയിലായിരുന്നു അടുത്ത കാലം വരെ.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍, വിശിഷ്യാ മുസ്‌ലിംകളും ക്രിസ്ത്യാനികളും നേരിടുന്ന പ്രശ്‌നങ്ങള്‍ സമാനമാണ്. വി ഡി സവര്‍ക്കറും ഗോള്‍വാള്‍ക്കറും മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയിലെ പ്രഖ്യാപിത ശത്രുക്കളാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും. ആര്‍ എസ് എസിന്റെ ഹിംസാത്മക രാഷ്ട്രീയശൈലിയുടെ ഇരകളാണ് ഈ വിഭാഗങ്ങള്‍. ആള്‍ക്കൂട്ടക്കൊല ആദ്യമായി പരീക്ഷിച്ചത് ക്രൈസ്തവ വിഭാഗത്തിന്റെ മേലാണ്. മതംമാറ്റത്തിന്റെ പേരില്‍ എക്കാലത്തും തീവ്ര വലതുപക്ഷം ക്രിസ്ത്യാനികളെ വേട്ടയാടുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ 1960കളില്‍ തന്നെ മതംമാറ്റം തടയാന്‍ നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. ഗോവധത്തിന്റെ പേരിലും മറ്റും വര്‍ഗീയ കലാപമെന്ന വാര്‍ഷികാഘോഷങ്ങളിലൂടെ മുസ്‌ലിംകള്‍ക്കെതിരെ ഉന്മൂലന തന്ത്രങ്ങള്‍ പയറ്റിയപ്പോഴെല്ലാം തന്നെ സംഘ്പരിവാര്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെയും ഹിംസാത്മക മാര്‍ഗങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരുന്നു. 1999 ജനുവരി 22ന് ഒറീസസയിലെ മനോഹര്‍പൂരില്‍ ഗ്രഹാം സ്റ്റെയിന്‍ എന്ന സുവിശേഷകനും പുത്രന്മാരായ തിമോത്തിയും ഫിലിപ്പും അവര്‍ കിടന്നുറങ്ങിയ വാനില്‍ കത്തിച്ചാമ്പലായപ്പോള്‍ ലോകത്തുടനീളം പതഞ്ഞുപൊങ്ങിയ രോഷം മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ശക്തമായ ഇടപെടല്‍ വഴിയായിരുന്നു. ഈ കൂട്ടക്കൊലയിലെ മുഖ്യപ്രതി ബജ്‌റംഗദള്‍ ഗോരക്ഷക് സമിതി നേതാവും കുപ്രസിദ്ധ കൊലയാളിയുമായ ധാരാ സിംഗായിരുന്നു. ഇയാളെ പോലും കുറ്റവിമുക്തനാക്കുന്ന വിധത്തില്‍ വാധ്വാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ക്രൈസ്തവ ലോകത്ത് ദുഃഖവും രോഷവും അണപൊട്ടിയൊഴുകി. പക്ഷേ, രാഷ്ട്രീയ നേതൃത്വം ഒച്ചവെച്ചില്ല. 1998ല്‍ മാത്രം ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 108 അക്രമ സംഭവങ്ങളുണ്ടായിട്ടും കോണ്‍ഗ്രസോ മറ്റ് മതേതര പാര്‍ട്ടികളോ അതിനെതിരെ രംഗത്തു വരാതിരുന്നത് സംഘ്പരിവാറിന് അക്രമം തുടരാന്‍ ധൈര്യം പകര്‍ന്നു. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ അക്രമ മാര്‍ഗത്തിലൂടെ രാഷ്ട്രീയ കാര്‍ഡിറക്കി കളിച്ചപ്പോഴെല്ലാം ക്രൈസ്തവ മത, രാഷ്ട്രീയ നേതൃത്വം വെച്ചുപുലര്‍ത്തിയ കുറ്റകരമായ നിശ്ശബ്ദത മുസ്‌ലിംകളില്‍ പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കുന്ന വിഷയത്തില്‍ ഐക്യപ്പെടേണ്ട സന്ദര്‍ഭങ്ങളില്‍ കാണിക്കുന്ന ഇത്തരം അലംഭാവങ്ങള്‍ക്ക് കോണ്‍ഗ്രസ് ബാന്ധവമാണ് വിഘാതമായി വര്‍ത്തിച്ചതെന്നാണ് ആരോപിക്കപ്പെടാറുള്ളത്. ബാബരി വിഷയത്തില്‍ മുസ്‌ലിം ലീഗിന് പോലും ശക്തമായ സംഘ്പരിവാര്‍ വിരുദ്ധ നിലപാടിലൂന്നിയ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാതെ പോയ പശ്ചാത്തലം മറ്റൊന്നല്ല.
ജോസ് കെ മാണിയുടെ വഴി
38 വര്‍ഷത്തെ യു ഡി എഫ് ബന്ധം അറുത്തുമാറ്റി ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ കെ എം മാണിക്കെതിരായ ബാര്‍കോഴ വിവാദവും അന്നത്തെ പ്രതിപക്ഷത്തിന്റെ അതിനോടുള്ള പ്രതികരണവും നോട്ടെണ്ണല്‍ മെഷീനുമൊക്കെ ഉയര്‍ത്തിക്കാട്ടി ഈ ചുവടുമാറ്റത്തിലെ വലിയ രാഷ്ട്രീയത്തെ യു ഡി എഫ് കാണാതെ പോകുന്നത് ആത്മവഞ്ചനാപരമാണ്. സംസ്ഥാന രാഷ്ട്രീയത്തിന്റെ സമവാക്യം തെറ്റിക്കുന്നതാണ് ജോസ് കെ മാണിയുടെ ഈ കളംമാറ്റിച്ചവിട്ടല്‍. മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്ന ക്രൈസ്തവ വോട്ടര്‍മാരില്‍ നല്ല സ്വാധീനമുണ്ട് മാണിയുടെ പാര്‍ട്ടിക്ക്. 55 ശതമാനം ഹൈന്ദവരും 26 ശതമാനം മുസ്‌ലിംകളും 19 ശതമാനം ക്രിസ്ത്യാനികളും ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വോട്ട് മറുപക്ഷത്തേക്ക് മറിയുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഗൗരവമുള്ളതാകാം. റബ്ബര്‍ രാഷ്ട്രീയത്തില്‍ മാത്രം ഇതുവരെ മുഖം കുത്തി നിന്ന കേരള കോണ്‍ഗ്രസിന് ഇടത് ജനാധിപത്യ കക്ഷികളോടൊപ്പം ചേര്‍ന്ന് ദേശീയതലത്തില്‍ ഹിന്ദുത്വ വര്‍ഗീയതക്കെതിരെ പൊരുതാനുള്ള നല്ലൊരവസരമാണ് കൈവന്നിരിക്കുന്നത്. പ്രത്യേകിച്ചും, ഭീമ കൊറെഗാവ സംഭവത്തിന്റെ പേരില്‍ വന്ദ്യവയോധികനായ ജെസ്യൂട്ട് പാതിരിയെ യു എ പി എ ചുമത്തി തുറുങ്കിലടച്ചിരിക്കുന്ന ഈ കെട്ട കാലത്ത്.

Latest