മാറ്റിവച്ച ശമ്പളം പി എഫില്‍ ലയിപ്പിക്കും

Posted on: October 21, 2020 10:58 pm | Last updated: October 22, 2020 at 7:12 am

തിരുവനന്തപുരം | കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മാറ്റിവച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി എഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൊത്ത ശമ്പളത്തിന്റെ 20 ശതമാനമാണ് (ആറു ദിവസത്തെ) 2020 ഏപ്രില്‍ മുതല്‍ മാറ്റിവച്ചിരുന്നത്. ഇത് ഉടനെ പണമായി തിരിച്ചുനല്‍കുകയാണെങ്കില്‍ 2,500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇന്നത്തെ പ്രയാസകരമായ സാഹചര്യത്തില്‍ അത് സര്‍ക്കാരിന് താങ്ങാനാകില്ല. അതുകൊണ്ടാണ് പി എഫില്‍ ലയിപ്പിക്കുന്നത്.

ഇങ്ങനെ പി എഫില്‍ ലയിപ്പിക്കുന്ന തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. പി എഫില്‍ ലയിപ്പിക്കുന്ന തീയതി മുതല്‍ പി എഫ് നിരക്കില്‍ പലിശ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍കാരുള്‍പ്പെടെ പി എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ ഓരോ മാസത്തേയും തുക തുല്ല്യ തവണകളായി നല്‍കുന്നതാണ്.