വനിതാ മന്ത്രിക്കെതിരെ ‘ഐറ്റം’ പരാമര്‍ശം; കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

Posted on: October 21, 2020 7:40 pm | Last updated: October 21, 2020 at 10:13 pm

ഭോപ്പാല്‍ | മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. കമല്‍നാഥ് ഈ ചട്ടം ലംഘിച്ചോഎന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്വാളിയറിലെ ദാബ്രയില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിക്കെതിരേ കമല്‍നാഥ് ‘ഐറ്റം’ പരാമര്‍ശം നടത്തിയത്. അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബി ജെ പി.യിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമര്‍തി ദേവി.

പരാമര്‍ശം വിവാദമായതോടെ കമല്‍നാഥ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.എന്നാല്‍ മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സംഭവത്തില്‍ ദേശീയ വനിതാകമ്മിഷനും കമല്‍നാഥിനോട് വിശദീകരണം തേടിയിരുന്നു.

നവംബര്‍ മൂന്നിനാണ് മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്.