നെഹ്‌റുവിയന്‍ ജനാധിപത്യം നിഷിദ്ധമായ ജമാഅത്തിന് മോദി കാലത്ത് ജനായത്തം ഹലാലായത് എങ്ങനെ?

Posted on: October 21, 2020 7:20 pm | Last updated: October 21, 2020 at 7:23 pm

ഇന്ത്യയില്‍ ജനാധിപത്യം അതിന്റെ എല്ലാ സൗന്ദര്യത്തിലും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പൂത്തുലഞ്ഞുനിന്ന കാലത്തായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ജനായത്തത്തെ നിരാകരിക്കുന്ന നിരീക്ഷണങ്ങള്‍ എന്നോര്‍ക്കുക. നെഹ്‌റു പ്രധാനമന്ത്രിയും എ കെ ജി പ്രതിപക്ഷ നേതാവുമായിരുന്ന കാലത്ത് നിഷിദ്ധമായ ജനാധിപത്യം നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും നരേന്ദ്ര മോഡിയുടെയും കാലത്ത് എങ്ങനെയാണ് സ്വീകാര്യമായതെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ ജമാഅത്ത് ബുദ്ധിജീവികള്‍ക്ക് കഴിഞ്ഞിട്ടില്ല. ‘ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്ലിങ്ങള്‍ മുഴുവന്‍ അത് ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്, പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു ഭൗതികരാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും കടകവിരുദ്ധമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടു മാത്രമാണ്.’ (പ്രബോധനം, 1952, ഫെബ്രുവരി). മൗദൂദി ജനാധിപത്യ മതേതരവിരുദ്ധനായിരുന്നു എന്നതിന് ഇതില്‍പ്പരം തെളിവ് മറ്റെന്തുവേണം? മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ‘ശിര്‍ക്ക്’ അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്.

അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ ബിന്ദുവുമില്ല എന്നും പ്രഖ്യാപിച്ചു. മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്ന കാലത്താണ് മൗദൂദി ഇന്ത്യന്‍ ദേശീയതയുടെ ആണിക്കല്ലായ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞതെന്ന് ഓര്‍ക്കണം! വിഭജനത്തിന്റെ ഭീകരത തിമിര്‍ത്താടിയ നാളുകളില്‍ ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിങ്ങള്‍ക്ക് ഏക രജതരേഖയായിരുന്നു മതനിരപേക്ഷത. അല്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനെപ്പോലെ മതാധിഷ്ഠിത രാജ്യമാകുമായിരുന്നു. ബഹുസ്വരത ഇന്ത്യയുടെ ജീവ വായുവാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ വിവേകംപോലും വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിച്ച ജമാഅത്ത് നേതാക്കള്‍ക്ക് ഉണ്ടായില്ലെന്നത് എത്രമേല്‍ അവിവേകവും അപരാധവുമാണ്? ഇന്ത്യാ രാജ്യവുമായി ഒരു നിലയ്ക്കും മുസ്ലിങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൗദൂദി കണ്ടെത്തിയത്. അവര്‍ സ്വാതന്ത്ര്യസമരത്തില്‍നിന്ന് വിട്ടുനിന്നതും അതുകൊണ്ടുതന്നെയാണ്. മൗദൂദിയും കുറച്ചാളുകളും വിട്ടുനിന്നതുകൊണ്ടോ മറ്റുള്ളവരോട് അവര്‍ വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്തതുകൊണ്ടോ കാര്യമായൊരു പ്രതികരണവും മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ടായില്ല. മൗദൂദിയുടെ തലതിരിഞ്ഞ ആശയത്തോട് വിയോജിപ്പുള്ളവരായിരുന്നു അവിഭക്ത ഇന്ത്യയിലെ 99.9 ശതമാനം മുസ്ലിങ്ങളും. ദയൂബന്തിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ വാക്കുകളാണ് അവര്‍ മുഖവിലയ്‌ക്കെടുത്തത്. കേരളത്തിലെ തൊണ്ണൂറ്റൊമ്പതേ മുക്കാല്‍ ശതമാനം വരുന്ന സുന്നിമുസ്ലിങ്ങള്‍ മൗദൂദിയുടെ വാദം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടത്താന്‍ അവസരമുണ്ടാകില്ലെങ്കില്‍ അത്തരം സ്വാതന്ത്ര്യസമരത്തിന് ആയിരംവട്ടം ശാപമെന്നാണ് മൗദൂദി പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമംപോലും ഹറാമാണെന്ന് (നിഷിദ്ധം) മൗദൂദി പ്രസ്താവിച്ചു. ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ലാത്ത (പ്രാചീന അറേബ്യയിലെ ഒരു ദൈവം) പോയി മനാത്ത (പ്രാചീന അറേബ്യയിലെ മറ്റൊരു ദൈവം) വന്നു എന്ന വ്യത്യാസമേയുള്ളൂവെന്നും രണ്ടും ബഹുദൈവത്വവും ദൈവനിഷേധവുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മൗദൂദിയുടെ വിലയിരുത്തല്‍ നോക്കുക: ‘സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നുമാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നുസാരം. അസത്യത്തിനുള്ള അടിമത്തം അങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിനു സ്വാതന്ത്ര്യമെന്നു പറയുക? (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ്, പേ: 97, 98). ‘ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരുനീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കിനില്‍ക്കുകയെന്നതും മുസ്ലിമിന് അനുവദനീയമല്ല’ (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ: 81). സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കാളികളായ മുസ്ലിങ്ങളെ മൗദൂദി അപഹസിച്ചത് ഇങ്ങനെയാണ്; ‘പ്രജായത്തം നടപ്പില്‍വരുത്താനായി സമരം ചെയ്യുന്ന കപട വിശ്വാസികളെക്കുറിച്ച് ഞാനെന്തുപറയാനാണ്?’ (‘ഖുതുബാത്ത്’, പേ:140) ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയിലെ സ്‌കൂളുകളും കോടതികളുമൊന്നും ഒരു മുസ്ലിമിന് സ്വീകാര്യമാകരുതെന്ന് ശഠിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി. വിഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതുപോലെ മുസ്ലിങ്ങള്‍ ഈ സ്ഥാപനങ്ങളില്‍നിന്നെല്ലാം തുല്യവിദൂരത പാലിക്കണമെന്നാണ് സംഘടന ആഹ്വാനം ചെയ്തത്.” അനിസ്ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്ലിങ്ങളുടെ ജീവിതത്തിലേക്ക് നോക്കുക. ദൈവേതരമായ സകലസ്ഥാപനങ്ങളുമായും അവര്‍ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അനിസ്ലാമിക കോടതികളില്‍ മുസ്ലിങ്ങള്‍ ശരണംപ്രാപിക്കുന്നു. അനിസ്ലാമിക പാഠശാലകളിലേക്ക് തങ്ങളുടെ സന്താനങ്ങളെ അയക്കുന്നു (മൗദൂദി, ‘ശിര്‍ക്ക്’, പേ:212). ഇസ്ലാമികേതര ഭരണവ്യവസ്ഥയ്ക്കു കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതുപോലും മൗദൂദി നിരുത്സഹപ്പെടുത്തി. അത്തരം സ്ഥാപനങ്ങളെ വിശേഷിപ്പിച്ചിരുന്നത് ‘കൊലാലയങ്ങള്‍’എന്നായിരുന്നു (‘ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി 27 വര്‍ഷം’, പേജ്: 61). ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ച് കുറെപ്പേര്‍ അഭ്യസ്തവിദ്യരായതുകൊണ്ട് ഇസ്ലാമിന് ഒരു നേട്ടവുമില്ലെന്നും അദ്ദേഹം നിഗമനത്തിലെത്തി (‘മുസ്ലിം ഒരു പാര്‍ടി’, ഐപിഎച്ച്. പേജ്:10). ഇത്തരം വിഡ്ഢിത്തരങ്ങള്‍ അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ തയ്യാറാകാതിരുന്ന മുസ്ലിം ജനസാമാന്യത്തെ (സുന്നികളെയും മുജാഹിദുകളെയും) ജമാഅത്തെ ഇസ്ലാമി എതിര്‍ത്തത് ഇപ്രകാരം അധിക്ഷേപിച്ചുകൊണ്ടാണ്; ‘ഒരു വശത്ത് നാം അല്ലാഹുവിലും പരലോകത്തിലും ദിവ്യസന്ദേശത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കുന്നു എന്ന് പറയുക. മറുവശത്ത് ഭൗതികത്വ ലഹരി തലയ്ക്കുകയറി മനുഷ്യനെ അല്ലാഹുവില്‍നിന്ന് വിദൂരപ്പെടുത്തുന്നതും പരലോകത്തെ വിസ്മരിപ്പിച്ചുകളയുന്നതും ഭൗതികസേവനത്തില്‍ ലയിപ്പിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സ്വയം കുതിക്കുകയും മറ്റുള്ളവരെ അതിലേക്ക് പ്രേരിപ്പിക്കുകയും സ്വന്തം ഉത്തരവാദിത്തത്തില്‍ അത്തരം സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുക. ഇത്തരം സംഖ്യാതീതമായ വൈരുധ്യങ്ങള്‍ വര്‍ത്തമാന മുസ്ലിങ്ങളുടെ ജീവിതത്തില്‍ കാണപ്പെടുന്നു (പ്രബോധനം, പു: 4, ലക്കം: 3, ‘ഇസ്ലാമികപ്രസ്ഥാനം’, പേജ്: 11). എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസമേഖല വളര്‍ന്നുപന്തലിച്ചതു കണ്ട് സഹിക്കവയ്യാതെ ജമാഅത്തെ ഇസ്ലാമിയുടെ പ്രാസംഗികന്മാര്‍ അതിനെ ഇസ്ലാമിനെ തകര്‍ക്കാനുള്ള പദ്ധതിയായി വ്യാഖ്യാനിച്ച് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പള്ളിമിമ്പറുകള്‍ പോലും ദുരുപയോഗപ്പെടുത്തി. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്കു മുന്നിലുള്ള ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രസംഗത്തിലെ അതിരുകടന്ന പരാമര്‍ശങ്ങള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത അഡ്വ. ജാബിര്‍ തന്റെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഗോള്‍വാള്‍ക്കറും മൗദൂദിയും ഒരു നാണയത്തിന്റെ രണ്ടു വശമാണെന്ന് മനസ്സിലാക്കാന്‍ മേല്‍വിവരിച്ചതിലും കൂടുതല്‍ തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യ്ക്കു തുല്യമാണ് മൗദൂദിയുടെ ‘ഖുതുബാത്ത്’. രണ്ടും ഒരേ മുറിയിലിരുന്ന് പരസ്പരം ചര്‍ച്ച ചെയ്ത് ഇരുവരും എഴുതിയപോലെ തോന്നും. വിചാരധാരയുടെ മുസ്ലിം വര്‍ഗീയ പതിപ്പാണ് ‘ഖുതുബാത്ത്’. ഖുതുബാത്തിന്റെ തീവ്രഹിന്ദുത്വ എഡിഷനാണ് ‘വിചാരധാര’. രണ്ടും വായിച്ചുനോക്കിയാല്‍ മതാന്ധതയും വര്‍ഗീയതയും ആളിക്കത്തുമെന്നുറപ്പ്.

ഇരുവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നോക്കിക്കണ്ടതും ഒരേ ദിശയിലായിരുന്നു. ഈ സാദൃശ്യങ്ങളാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും ഇന്ത്യന്‍ മുസ്ലിങ്ങളുടെ കാല്‍ശതമാനത്തിന്റെ പോലും പിന്തുണ നേടാനാകാത്ത വ്യക്തിയും പ്രസ്ഥാനവുമായി ചരിത്രത്തില്‍ ചുരുങ്ങിപ്പോയതിന്റെ കാരണം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വെല്‍ഫെയര്‍ പാര്‍ടി പടവലങ്ങ പോലെ കീഴ്‌പ്പോട്ട് ‘വളരുന്ന’തും വെറുതെയല്ല. കാഴ്ചയില്‍ ‘ശുദ്ധ’രെന്ന് തോന്നിപ്പിക്കുന്നവര്‍ തേനില്‍ പൊതിഞ്ഞ വിഷമാണ് വിളമ്പുന്നതെന്ന് മുസ്ലിം സമുദായം എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലിമേതര സമൂഹവും കുറച്ചു വൈകിയാണെങ്കിലും അതു മനസ്സിലാക്കി എന്നുള്ളതാണ് പുതിയ വിവാദം കൊണ്ടുണ്ടായ മെച്ചം. (കടപ്പാട്)

ഖുതുബാത്=വിചാരധാരഇന്ത്യയിൽ ജനാധിപത്യം അതിന്റെ എല്ലാ സൗന്ദര്യത്തിലും പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ…

Posted by O.M Tharuvana on Wednesday, October 21, 2020