മലബാര്‍ നാവികാഭ്യാസത്തില്‍ ആസ്‌ത്രേലിയയും; ഇന്ത്യയുടെ പ്രഖ്യാപനം ശ്രദ്ധയില്‍ പെട്ടതായി ചൈന

Posted on: October 20, 2020 8:56 pm | Last updated: October 20, 2020 at 8:56 pm

ബീജിംഗ് | അമേരിക്കക്കും ജപ്പാനുമൊപ്പം ആസ്‌ത്രേലിയയെയും വാര്‍ഷിക മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുപ്പിക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ചൈന. മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയായിരിക്കണം സൈനിക സഹകരണമെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് യാവോ ലിജിയന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.

മലബാര്‍ നാവികാഭ്യാസത്തില്‍ ആസ്‌ത്രേലിയയും പങ്കെടുക്കുമെന്ന് തിങ്കളാഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതോടെ, ചതുര്‍ഭുജ സഖ്യത്തിലെ മുഴുവന്‍ അംഗങ്ങളും പരിശീലനത്തില്‍ ഭാഗഭാക്കാകുമെന്ന് ഉറപ്പാവുകയായിരുന്നു. അടുത്ത മാസം ബംഗാള്‍ ഉള്‍ക്കടലിലോ അറബിക്കടലിലോ ആയിരിക്കും നാവികാഭ്യാസം നടക്കാനാണ് സാധ്യത. ഇരു രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ, ഇന്തോ-പസിഫിക് മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പുവരുത്താനാണ് വാര്‍ഷിക സൈനികാഭ്യാസം ഇന്ത്യ നടത്തുന്നതെന്നാണ് ചൈന സംശയിക്കുന്നത്.

1992ല്‍ ഇന്ത്യ, യു എസ് നാവിക സേനകള്‍ സംയുക്തമായാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉഭയകക്ഷി പരിശീലന പരിപാടി ആരംഭിച്ചത്. 2015ലാണ് ജപ്പാന്‍ പരിപാടിയില്‍ സ്ഥിരാംഗമായത്. 2018ല്‍ ഫിലിപ്പൈന്‍സിലെ ഗുവാമിലും 2019ല്‍ ജപ്പാനിലെ സമുദ്ര ഭാഗത്തുമാണ് വാര്‍ഷികാഭ്യാസം നടന്നത്. ആസ്‌ത്രേലിയ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഭ്യാസത്തില്‍ പങ്കാളിയാകുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചു വരികയാണ്.