പരിശോധനയാണ് വലിയ ആയുധം, കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ല: പ്രധാന മന്ത്രി

Posted on: October 20, 2020 6:14 pm | Last updated: October 21, 2020 at 7:44 am

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് വര്‍ധിച്ചിട്ടുണ്ടെങ്കിലും ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് ലോക്ക് ഡൗണ്‍ മാത്രമേ രാജ്യത്ത് നീക്കിയിട്ടുള്ളൂ. വൈറസ് വിട്ടുപോയിട്ടില്ല. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാന മന്ത്രി ഇക്കാര്യം പറഞ്ഞത്.

മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. കൊവിഡ് പരിശോധനയാണ് വലിയ ആയുധം. നാം ഇനിയും കൊവിഡില്‍ നിന്ന് മുക്തമായിട്ടില്ല. രോഗ വ്യാപനത്തോത് കുറഞ്ഞുവെന്നതാണ് ആശ്വാസം. കൊവിഡ് വാക്‌സിനായുള്ള ശ്രമം തുടരുകയാണ്. വാക്‌സിന്‍ തയാറായാല്‍ എല്ലാ പൗരന്മാര്‍ക്കും എത്തിക്കാന്‍ ശ്രമിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളടക്കം പ്രചാരണം നടത്തണം. വരാനിരിക്കുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാന മന്ത്രി അഭ്യര്‍ഥിച്ചു.