അമേരിക്കയിലെ അലാസ്‌കയില്‍ കടലില്‍ ഭൂചലനം

Posted on: October 20, 2020 9:57 am | Last updated: October 20, 2020 at 12:50 pm

ലോസ് ആഞ്ചലിസ് | അമേരിക്കയിലെ അലാസ്‌കക്ക് സമീപം ഭൂചലനം. റിച്ചഡ് സ്‌കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മേഖലയില്‍ ചെറിയ സുനാമി തിരമാലകള്‍ ഇതിനകം എത്തിയതായി യു എസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആള്‍നാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച പ്രാദേശിക സമയം1.54 നാണ് ഭൂചനമുണ്ടായത്. സാന്‍ഡ് ഹില്‍ നഗരത്തിന് 100 കിലോമീറ്റര്‍ തെക്ക് കിഴക്ക് 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഞ്ചിന് മുകളില്‍ തീവ്രതയുള്ള നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി.

അലാസ്‌കയിലെ കെന്നഡി എന്‍ട്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരത്ത് നാഷണല്‍ വെതര്‍ സര്‍വീസ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് പരിഗണിച്ച് താമസക്കാരെ ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റി.