ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും യു ഡി എഫും പരസ്യ സഖ്യം ഉറപ്പിച്ചു

Posted on: October 20, 2020 8:55 am | Last updated: October 20, 2020 at 10:23 am

മലപ്പുറം | ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫ് തിരഞ്ഞെടുപ്പ് ധാരണ ഉറപ്പിച്ചു. യു ഡി എഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍ര് ഹമീദ് വാണിയമ്പലം ഒരു ചാനലിനോട് പ്രതികരിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പേരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സി പി എം വെല്‍ഫയര്‍ പാര്‍ട്ടിയില്‍ തീവ്രവാദം ആരോപിക്കുന്നത് മൃദുഹിന്ദുത്വ നിലപാടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫുമായി ധാരണയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മുന്നണിയായും അല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാവും. തദ്ദേശ തിരെഞ്ഞെടുപ്പിലേക്ക് മാത്രമാണ് ഇപ്പോഴത്തെ നീക്ക്‌പോക്ക്. നിയമസഭ തിരെഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി നിലപാട് എടുക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി സഹകരണത്തിന് ഇത്തവണ തിരഞ്ഞെടുപ്പ് സഹകരണത്തിന് ശ്രമിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് ആദ്യം വ്യക്തമാക്കിയത്. ഇത് പിന്നീട് വലിയ വാര്‍ത്തയായതോടെ യു ഡി എഫ് നേതാക്കള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് തന്നെ സഖ്യം യാഥാര്‍ഥ്യമായെന്ന് പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയത്തില്‍ ഇത് വരും ദിവസങ്ങളില്‍ ഇത് വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

രാജ്യത്ത് വര്‍ഗീയതയെ പ്രതിരോധിക്കുന്നതിന് ആര്‍ എസ് എസിനെപ്പോലെ എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് പൊതുവെ മതനിരപേക്ഷ രാഷ്ട്രീയം പിന്തുടരുന്നവര്‍ പറയുന്നത്. ഇതാണ് തങ്ങളുടെ നിലപാട് എന്ന് സി പി എം അടക്കമുള്ളവര്‍ പരസ്യമായി പല തവണ പറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവും നിലപാട് വ്യക്തമാക്കേണ്ടി വരും.