ചെന്നൈക്കെതിരെ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

    Posted on: October 20, 2020 12:22 am | Last updated: October 20, 2020 at 1:28 am

    അബുദാബി |  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ട്‌ലറുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ നായകന്‍ സ്മിത്ത് ബട്ട്‌ലറെ കൂട്ടുപിടിച്ച് സാവധാനം രാജസ്ഥാനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു.

    ബട്ട്‌ലര്‍ 48 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് അടിച്ചു കൂട്ടി. സ്മിത്ത് 34 പന്തില്‍നിന്നും 26 റണ്‍സും കണ്ടെത്തി. ബെന്‍ സ്റ്റോക്‌സ് (19), റോബിന്‍ ഉത്തപ്പ (1), സഞ്ജു വി. സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്.

    ടോസ് ജയിച്ച സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ്. ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ സാം കരണും (22) ഫാഫ് ഡുപ്ലെസിയും (10) ശ്രദ്ധയോടെ തുടങ്ങിയെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. സൂപ്പര്‍ കിംഗ്‌സിനായി ഈ സീസണില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഡുപ്ലെസി, ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്ന് വാട്‌സണ്‍ (എട്ട്), അന്പാപാട്ടി റായുഡു (13) എന്നിവരെയും 10 ഓവറിനുള്ളില്‍ നഷ്ടമായി.

    28 പന്തില്‍ 28 റണ്‍സ് എടുത്ത എം.എസ്. ധോണി 18-ാം ഓവറില്‍ റണ്ണൗട്ടായപ്പോള്‍ ചെന്നൈ 107ല്‍ എത്തി. 30 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെനിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍.