കേന്ദ്ര മന്ത്രി വി മുരളീധരന്റെ വിമര്‍ശനം അപക്വം, മന്ത്രി സ്ഥാനത്തിന് ചേരാത്തത്: മുഖ്യമന്ത്രി

Posted on: October 19, 2020 8:04 pm | Last updated: October 19, 2020 at 8:04 pm

തിരുവനന്തപുരം | രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ ആക്ഷേപത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുരളീധരന്റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തതും തീര്‍ത്തും അപക്വവുമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്നും അതിന്റെ വിലയാണ് സംസ്ഥാനം ഇപ്പോള്‍ നല്‍കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആക്ഷേപവുമായി വി മുരളീധരന്‍ രംഗത്തെത്തിയത്. കൊവിഡിനെ പ്രചാരവേലക്ക് ഉപയോഗിക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കമാണ് ജനങ്ങളെ മഹാമാരിക്ക് എറിഞ്ഞുകൊടുത്തതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.