Connect with us

Covid19

ഫെബ്രുവരിയോടെ ഇന്ത്യയില്‍ പകുതിയലധികം ആളുകളും കൊവിഡിന്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | അടുത്ത ഫെബ്രുവരിയോടെ രാജ്യത്തെ പകുതിയിലധികം ആളുകളും കൊവിഡിന്റെ പിടിയിലമരാനിടയുണ്ടെന്ന് മുന്നറിയിപ്പ്. കൊവിഡ് പ്രതിസന്ധി വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റിയിലെ അംഗവും കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറുമായ മനീന്ദ്ര അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇത്രയും ആളുകള്‍ക്ക് രോഗം ബാധിക്കുന്നതോടെ കൊവിഡ് വ്യാപനം മന്ദഗതിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് സെപ്തംബര്‍ മധ്യത്തോടെ കൊവിഡ് വ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞുവരുന്നതായാണ് സർക്കാറിൻെറ വിലയിരുത്തല്‍. എന്നാൽ ഗണിതശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്തെ 30 ശതമാനം പേര്‍ക്കും ഇതിനകം കൊവിഡ് ബാധിച്ചുകഴിഞ്ഞു. ഫെബ്രുവരി ആകുന്നതോടെ ഇത് 50 ശതമാനമായി ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ സെറോളജിക്കല്‍ സര്‍വേയില്‍ പറയുന്നതിനേക്കാള്‍ വ്യാപകമായാണ് കൊറോണ പടരുന്നതെന്നാണ് കമ്മിറ്റി വിലയിരുത്തുന്നത്. സെപ്തംബറിലെ സെറോളജിക്കല്‍ സര്‍വേ പ്രകാരം 14 ശതമാനം ആളുകള്‍ക്ക് മാത്രമേ ഇതുവരേ രോഗം ബാധിച്ചിട്ടുള്ളൂ. സെറോളജിക്കല്‍ സര്‍വേയിലൂടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാകില്ലെന്നാണ് അഗര്‍വാള്‍ പറയുന്നത്. ജനങ്ങളെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരും അല്ലാവത്തവരുമായി തിരിച്ചാണ് കമ്മിറ്റി വിലയിരുത്തല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കല്‍, മുഖംമൂടി ധരിക്കുക തുടങ്ങിയ നടപടികള്‍ അവഗണിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ കേസുകള്‍ 2.6 ദശലക്ഷം വരെ വര്‍ദ്ധിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ദുര്‍ഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ സമയത്ത് രാജ്യത്ത് അണുബാധ ഉയര്‍ന്നേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.