Connect with us

Travelogue

ദൂർ കെ മുസാഫിർ

Published

|

Last Updated

2006 ഡിസംബർ 30ന് ജോർജ് ബുഷിന്റെ ചോറ്റുപട്ടാളം, സദ്ദാം ഹുസൈന്റെ കഴുത്തിൽ
തുക്കിലേറ്റാനുള്ള കുരുക്കുമുറുക്കുമ്പോൾ, മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിലെ കൊച്ചുവസതിയിൽ നിന്ന് മൊയ്തുക്കയുടെ മനസ്സ് വിങ്ങി. ഓർമയുടെ ചിറകുകൾ തുന്നിപ്പിടിപ്പിച്ച് അന്ന് മൊയ്തു പറന്നിറങ്ങിയത് ഇറാഖ് – ഇറാൻ യുദ്ധഭൂമിയിലേക്കായിരുന്നു. പ്രശ്നകലുഷിതമായ ആ യുദ്ധകാലത്ത് ഇറാഖ് സൈന്യത്തിന്റെ പിടിയിലായതും മർദനമേറ്റതും ഒടുവിൽ സദ്ദാം ഹുസൈനെ വകവരുത്താനുള്ള ഇറാൻ സൈനിക നീക്കത്തെ, തന്നെ മർദിച്ച അതേ ഇറാഖ് സൈന്യത്തിന് ചോർത്തിക്കൊടുക്കുകയും അവർ ആ നീക്കത്തെ തകർക്കുകയും ചെയ്തത് മൊയ്തു കിഴിശ്ശേരിയെന്ന സാഹസിക യാത്രികന്റെ ഓർമകളിലൂടെയപ്പോൾ അനുസ്യൂതം കടന്നുപോയിരിക്കണം. ഇറാന്റെ സൈന്യത്തിലും ഇറാഖിന്റെ ചാരസംഘടനയിലും അഫ്ഗാന്റെ ഗറില്ല സംഘത്തിലുമായി 60 വർഷത്തിലേറെ നീണ്ട ജീവിതയാത്രയിൽ മൊയ്തു കിഴിശ്ശേരി പകർന്നാടിയ വേഷങ്ങൾക്ക്‌ പ്രപഞ്ചത്തിന്റെ നിഗൂഢമായ കഥകളുടെ പശ്ചാത്തലമുണ്ടായിരുന്നു. മരണത്തോട് മുഖാമുഖം നിന്ന ഒന്നിലേറെ സന്ദർഭങ്ങളിൽ നിന്ന് അതിമാനുഷനെപ്പോലെ തിരിച്ചുവന്ന മൊയ്തു എന്ന സൂഫീ ദർവേശ് ഒടുവിൽ ആരോടും പറയാതെ യാത്ര പറഞ്ഞിറങ്ങുമ്പോൾ നഷ്ടപ്പെടുന്നത് അനുഭവങ്ങളുടെയും അതിശയങ്ങളുടെയും വലിയ ലോകമാണ്.

ആധുനിക മനുഷ്യന്റെ ദേശരാഷ്ട്ര സങ്കൽപ്പത്തെയും ദേശങ്ങൾക്ക് നാം കെട്ടിവെച്ച അതിരുകളെയും അവിടേക്ക് സഞ്ചരിക്കാൻ നാം പടച്ചു വെച്ച സാങ്കേതികത്വങ്ങളെയും കള്ളവണ്ടി കയറിയും കൊടും വനങ്ങളിലൂടെ നുഴഞ്ഞു കയറിയും അറ്റം കാണാത്ത അതിർത്തി നദികൾ നീന്തിക്കടന്നും നിരന്തരം പരിഹസിക്കുകയായിരുന്നു മൊയ്തു. പ്രപഞ്ചമായിരുന്നു മൊയ്തുവിന്റെ വിലാസവും ദേശവും രാജ്യവുമെല്ലാം. ഹിച്ച്കേക്കിംഗ് എന്ന യാത്രാരീതി പുതുതലമുറ വികസിപ്പിക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് ആ പേരിന്റെ ആർഭാടങ്ങളൊന്നുമില്ലാതെ ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും കടന്ന് യാത്രാസൗകര്യങ്ങളോ സമ്പത്തോ ഇല്ലാതെ മൊയ്തുക്ക ദേശാന്തരീയമായി സഞ്ചരിച്ചു. വീഡിയോ ക്യാമറയും വ്ളോഗിംഗ് സംവിധാനങ്ങളുമൊന്നും കൈയിലില്ലാത്ത കാലത്ത് അതിശയിപ്പിക്കുന്ന കാഴ്ചകൾ മൊയ്തുക്ക ആത്മാവിന്റെ ക്യാമറക്കണ്ണിലൂടെ കണ്ടു. ഇരുൾ പുതഞ്ഞ് കിടക്കുന്ന കൊടും വനങ്ങളിൽ ഗോത്രവാസികൾക്കൊപ്പം പ്രാണഭീതിയോടെ കഴിച്ചുകൂട്ടി. എലികളെ ചുട്ടുതിന്നും ഇലകൾ ഭക്ഷിച്ചും നാഗവള്ളികൾക്കിടയിൽ കിടന്നുറങ്ങി.

നദി നീന്തിക്കടക്കാനുള്ള ശ്രമത്തിൽ യൂഫ്രട്ടീസിന്റെ ഭീമാകാരമായ ഒഴുക്കിനെ അതിജീവിച്ചു അക്കരെപ്പറ്റി. യുദ്ധഭൂമിയിൽ ചിതറിക്കിടക്കുന്ന കബന്ധങ്ങൾക്കിടയിലൂടെ ചോരച്ചൂരുള്ള രാപ്പകലുകൾ തള്ളിനീക്കി. ഉൾക്കാടുകളിൽ ധ്യാനനിമഗ്നരായ സൂഫീ ദർവീശുകളെയും സന്യാസിവര്യരെയും കണ്ടുമുട്ടി. പട്ടാളക്കാരുടെ കൈവിലങ്ങും ധരിച്ച് തെരുവുകളിലൂടെ രാജ്യദ്രോഹിയെന്ന പേരിൽ നടന്നു. കാറ്റിലും കോളിലും പെട്ട് പൊളിഞ്ഞ പായക്കപ്പലുകളിൽ മരണം കാത്തുകിടന്നു. മണൽക്കുനകളും പൊടിക്കാറ്റുകളും പുതഞ്ഞു കിടക്കുന്ന മരുഭൂപാതകളിലൂടെ ഏകാന്തപഥികനായി. തുഷാരവർഷം നടക്കുന്ന കോക്കസ് പർവതസമുച്ചയങ്ങളിൽ തണുത്തുവിറച്ചു യാത്ര ചെയ്തു. ജയിലറകളും പട്ടാള ക്യാമ്പുകളും മലമ്പാതകളും പാറനിരകളും ചതുപ്പുനിലങ്ങളും 30 ൽ പരം വൻനദികളും 43 ലോക രാജ്യങ്ങളും 25 പ്രവാചകൻമാർ അന്തിയുറങ്ങുന്ന തീർഥകേന്ദ്രങ്ങളും പിന്നിട്ട് മൊയ്തു സൃഷ്ടിച്ചത് സിനിമകൾക്കും മാജിക്കൽ നോവലുകൾക്കു പോലും ഉൾക്കൊള്ളാനാകാത്ത സത്യമാണ്.

കീഴന അബ്ദുല്ല മുസ്‌ലിയാരുടെ ദർസിൽ വിദ്യാർഥിയായിരുന്ന കാലത്ത് വിശുദ്ധ ഖുർആനിലെ ഒരു വചനമാണ് മൊയ്തുവിനെ വീടും നാടും വിട്ട് ദേശാന്തരഗമനത്തിനിറങ്ങാൻ പ്രേരിപ്പിച്ചത്. 1969 മുതൽ മാതൃരാജ്യത്തിന്റെ ആത്മാവുതേടി 50 രൂപയും കൈയിൽ കരുതി വിവിധയിടങ്ങളിൽ ഫഖീറിന്റെ ജീവിതവേഷം ധരിച്ച് മൊയ്തു യാത്ര തുടങ്ങി. അമൃത്സറും വാഗ അതിർത്തിയും കടന്ന് ആ യാത്ര പാക്കിസ്ഥാനിലേക്ക് നീണ്ടു. അതിനിടയിൽ മുസ്്ലിമായതിനാൽ സിഖ് സൈന്യത്തിന്റെ മൂന്നാം മുറകൾക്ക് വിധേയനായി. ആരുടെയൊക്കെയോ കാരുണ്യത്താൽ മൊയ്തുവിന് പുതുജന്മം ലഭിച്ചു. ശേഷം പാക് പട്ടാളത്തിന്റെ പിടിയിൽപെട്ട് മൂന്ന് ദിവസത്തെ ജയിൽവാസം. തളരാതെ, യാത്ര എന്ന ആത്മവികാരത്തിന്റെ വീര്യം ഒട്ടും ചോരാതെ, അതിശയങ്ങളിലേക്ക് വിളക്ക് പിടിച്ച് മൊയ്തു വീണ്ടും നടത്തം തുടർന്നു.

ലോറിയിൽ ലാഹോറിലെത്തി. അവിടെ നിന്ന് കാബൂളും കാണ്ഡഹാറും കടന്ന് റഷ്യക്കെതിരെ അഫ്ഗാൻ മുജാഹിദുകൾക്കൊപ്പം ഗറില്ലാ പോരാളിയായി. പാമീർ മലമ്പാതകൾ താണ്ടി കിർഗിസ്ഥാനും കസാഖിസ്ഥാനും ഉസ്ബെക്കിസ്ഥാനും താജികിസ്ഥാനും സഞ്ചരിച്ച് വീണ്ടും അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തി.

ഈ യാത്രകൾക്ക് ശേഷം മൊയ്തുവിന്റെ വടക്കുനോക്കിയന്ത്രം മധ്യേഷ്യയിലേക്കുള്ള വഴി കാണിക്കുകയായിരുന്നു. ആദ്യമെത്തിയത് ഇറാനിൽ. ഇറാഖിലേക്കുള്ള വഴി ചോദിച്ച മൊയ്തുവിന് ഇറാൻ പട്ടാളം കെണിയൊരുക്കി. ഇറാഖിലേക്ക് പോകില്ലെന്ന് പറഞ്ഞാൽ വിടാമെന്നായെങ്കിലും എന്റെ യാത്രക്ക് കടിഞ്ഞാണിടാൻ കഴിയില്ലെന്ന് മൊയ്തു തീർത്തു പറഞ്ഞു. വീണ്ടും ഇറാനിൽ ജയിൽവാസം. ശേഷം ഇറാൻ പട്ടാള ക്യാമ്പിലെത്തി. അവിടെ മൊയ്തുവിന്റെ ഖുർആൻ പാരായണം കേട്ട പട്ടാളക്കാർ മൊയ്തുവിനെ ഉസ്താദാക്കി. ഒടുവിൽ ഇറാൻ സൈന്യത്തിലും ഇറാഖിനെതിരെയുള്ള യുദ്ധങ്ങളിലും പങ്കെടുത്തു. തുർക്കിയായിരുന്നു പിന്നീട് മൊയ്തുവിന്റെ ഉന്നം. അങ്കാറയും ഇസ്താംബൂളും കടന്ന് യാത്രാരേഖകളില്ലാത്ത ഏറനാട്ടുകാരൻ യൂറോപ്പിന്റെ മുറ്റത്ത് കാലുകുത്തി. റഷ്യയും യുക്രയ്നും ചെച്നിയയും ആ സഞ്ചാരവേഗങ്ങളിൽ പിറകിലായി. അവിടെ നിന്നാണ് ഈജിപ്ഷ്യൻ പാസ്പോർട്ട് വെച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിലും മൊയ്തുവിന്റെ പാദം പതിഞ്ഞത്.

ടുണീഷ്യയും ലിബിയയും അൽജീരിയയും കടന്ന് യാത്രയുടെ ദിശ വീണ്ടും ഇറാഖിലേക്ക് തിരിഞ്ഞു നിന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടന്നും മനുഷ്യതീനികളായ കാട്ടുവാസികളുടെ തൊഴികളേറ്റും ആ യാത്ര അവിശ്വസനീയമായ അടയാളമായി മാറി. സമുദ്രസമാനമായ നദികൾ നീന്തിക്കടന്ന് മൊയ്തുവിന്റെ സഞ്ചാരം സിറിയ, ജോർദാൻ, ഇസ്്റാഈൽ തുടങ്ങിയ രാഷ്ട്രങ്ങിലൂടെ സഊദിയിൽ താത്കാലിക പര്യവസാനമായി.

മൊയ്തു ഒരിക്കലും യാത്രയവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. ചൈനയും തിബത്തും നേപ്പാളും ബർമയും ജപ്പാനുമെല്ലാം പിന്നീടുള്ള യാത്രയിൽ മൊയ്തുവിന്റെ കണ്ണിൽ പതിഞ്ഞു. യാത്രകൾ മൊയ്തുവിന് അനുഭവങ്ങൾ മാത്രമല്ല പകർന്നു നൽകിയത്, ഒമ്പത് ഭാഷകൾ കൂടിയാണ്. നടന്നു തീരുകയായിരുന്നില്ല മൊയ്തുവിന്റെ യാത്രകൾ. ഓരോ യാത്രകളിലും സൂഫികളിൽ നിന്നും മറ്റു പoന കേന്ദ്രങ്ങളിൽ നിന്നും ആവോളം അറിവ് പകർന്നെടുക്കുകയും ചെയ്തു. സഞ്ചാരത്തിനിടയിൽ ബഗ്ദാദ് യുനിവേഴ്സിറ്റിയിൽ ചരിത്ര പഠനം, യുനാനി വൈദ്യശാസ്ത്രത്തിൽ പഠനവും ബിരുദവും, ഇറാനിലെ ജുംഹൂരി ഇസ്്ലാമി മിലിറ്ററിയിൽ പഠനം, ഇസ്താംബൂൾ ചരിത്രത്തിലും ഭാഷാ ശാസ്ത്രത്തിലും പഠനം, കാലിഗ്രഫിയിൽ വിവിധയിടങ്ങളിൽ നിന്ന് പഠനം തുടങ്ങി മൊയ്തു കിഴിശ്ശേരിയെന്ന യാത്രികൻ നല്ലൊരു വിദ്യാർഥി കൂടിയായിരുന്നു.

യാത്രകളോരോന്നും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളിലൂടെയുള്ളതായിരുന്നു. തുർക്കിയിൽ ബുക്സ്റ്റാളിലെ ജോലിക്കാരനായി. ജോർദാനിൽ ടൂറിസ്റ്റ് ഗൈഡായി. തുർക്കിയിൽ തന്നെ ബഅസ് പാർട്ടിയുടെ മുഖപത്രത്തിന്റെയും മില്ലി ഗസ പത്രത്തിന്റെയും ലേഖകനായി. ഇറാൻ വാർത്താ ഏജൻസിയായ ഇർനയുടെ റിപ്പോർട്ടറായി. ഇറാഖിന്റെ ചാരസംഘടനയിൽ അംഗമായി. മനുഷ്യസാധ്യമായ എല്ലാ ജീവിതങ്ങളും മൊയ്തു ജീവിച്ചു തീർത്തു.

സംസ്ഥാന സർക്കാറിന്റെ മികച്ച സഞ്ചാര സാഹിത്യത്തിനുള്ള പുരസ്കാരം ലഭിക്കാൻ അർഹതയുള്ള പുസ്തകമായിരുന്നു “ദൂർ കെ മുസാഫിർ”. അനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടും ദൃശ്യതക്കപ്പുറമുള്ള കാൽപ്പനികത സൃഷ്ടിക്കുന്നതിലും നാലാം ക്ലാസ് വരെയുള്ള മൊയ്തുവിന്റെ അക്ഷരവിദ്യ അത്ഭുതകരമായ വിജയം നേടിയിട്ടുണ്ട്. സൂഫികളുടെ നാട്ടിൽ, ലിവിംഗ് ഓൺ ദ എഡ്ജ്, തുർക്കിയിലേക്കൊരു സാഹസിക യാത്ര, ജുദാഈ ദർദ്, ചരിത്ര ഭൂമികളിലൂടെ, മരുഭൂകാഴ്ചകൾ തുടങ്ങി ഏഴ് സഞ്ചാരസാഹിത്യ പുസ്തകങ്ങളായി മൊയ്തുവിന്റെ ലോകം പരന്നുകിടക്കുകയാണ്. ഈ കൃതികളുടെ അത്ര തന്നെ ഉള്ളടക്ക – സാഹിത്യ മൂല്യങ്ങളില്ലാത്ത പലതും ആഘോഷിക്കപ്പെട്ടപ്പോൾ മൊയ്തുവെന്ന ഏറനാട്ടുകാരന്റെ അതിശയപ്പെടുത്തുന്ന ഭാഷാ കൈയടക്കമുള്ള രചനകൾ അവഗണനയുടെ പൊടിക്കാറ്റേറ്റ് കിടന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി, 43 രാജ്യങ്ങളിൽ ചവിട്ടി നിന്ന മൊയ്തുവിന്റെ പാദങ്ങൾ സ്വന്തം നിലത്തുപോലും ചവിട്ടാനാകാതെ ഉഴറുകയായിരുന്നു. ദിവസങ്ങളിടവിട്ട് ഡയാലിസിസ് നടത്തിയാണ് ജീവിതം തള്ളിനീക്കിയത്. അപ്പോഴും മൊയ്തുവിന്റെ മനസ്സിൽ യാത്രയുണ്ടായിരുന്നു. തന്നെ ഏറ്റവും കൊതിപ്പിച്ച തുർക്കിയിൽ വീണ്ടും പോകണമെന്നുണ്ടായിരുന്നു.

jabirkrpmanjeri@gmail.com