ഹാരിസിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

Posted on: October 19, 2020 4:14 pm | Last updated: October 19, 2020 at 8:05 pm

കൊച്ചി | കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗി സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളുടെ പരാതി. മരിച്ച ഇ കെ ഹാരിസിന്റെ ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. ശബ്ദ സന്ദേശത്തിലൂടെ സത്യം വെളിപ്പെടുത്തിയ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് ശരിയായ നടപടിയായില്ലെന്നും കുറ്റക്കാര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും ബന്ധു അന്‍വര്‍ ഹനീഫ് പറഞ്ഞു. ഹാരിസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ സന്ദേശമാണ് പുറത്ത് വന്നത്. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആര്‍ എം ഒ നഴ്‌സിംഗ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്നും ചിലരുടെ വെന്റിലേറ്റര്‍ ട്യൂബുകളുടെയും സ്ഥിതി ഇതു തന്നെയാണെന്നും ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി സന്ദേശത്തില്‍ പറയുന്നു. ഹാരിസ് വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗിയായിരുന്നുവെന്നും അശ്രദ്ധ മൂലമാണ് മരിച്ചതെന്നും ജലജ ദേവി വ്യക്തമാക്കുന്നു.