അബുദാബിയിൽ മിനി ബസ് മറിഞ്ഞു തൃശൂർ സ്വദേശി മരിച്ചു

Posted on: October 18, 2020 10:44 pm | Last updated: October 19, 2020 at 10:05 am
ലിനിൻ ആന്റണി

അബുദാബി | ശൈഖ് സായിദ് പള്ളിക്കടുത്ത് മിനി ബസ് മറിഞ്ഞു തൃശൂർ സ്വദേശി മരിച്ചു. തൃശൂർ കാരമുക്ക് സ്വദേശി ആന്റണിയുടെ മകൻ ലിനിൻ ആന്റണി (28) യാണ് മരിച്ചത്. അബുദാബി- അൽ ഐൻ റോഡിലെ  മഹാവി അഡ്നോകിലെ സ്റ്റാർ ബക്സിൽ ജീവനക്കാരനായിരുന്നു.

ലിനിൻ ആന്റണിയും സഹപ്രവർത്തകരും സഞ്ചരിച്ച അയാസ് മിനി ബസിൽ സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു. അബുദാബി മാളിന് അടുത്ത് താമസിക്കുന്ന ആന്റണിയും സഹ പ്രവർത്തകരും ഞായറാഴ്ച പുലർച്ചെ നാലിന് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉടൻ മിനി ബസ് മറിഞ്ഞുവെന്ന് ബസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ നേപ്പാൾ, ഫിലിപ്പൈൻ സ്വദേശികളെ മഫ്‌റഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ലിനിൻ ആന്റണിയുടെ സഹോദരൻ ലിന്റോ ആന്റണി ദുബൈയിലുണ്ട്. മഫ്‌റഖ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ  അറിയിച്ചു.