Kerala
കൊവിഡ് ഭേദമായ യുവതിയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിച്ചില്ല; പോലീസ് കേസെടുത്തു

കൊച്ചി | കൊവിഡ് ഭേദമായ കൊല്ലം സ്വദേശിയായ യുവതിയെ താമസിക്കുന്ന ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിച്ചില്ലെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. യുവതി താമസിക്കുന്ന കൊച്ചിയിലെ ക്വീന്‍സ് ഹോസ്റ്റല്‍ ഉടമയില്‍ നിന്ന് ഇന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് യുവതി.
സെപ്തംബര്‍ 24നാണ് ഓഫീസിലെ സഹപ്രവര്‍ത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. 31ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ഇക്കഴിഞ്ഞ ഏഴിന് രോഗമുക്തയാവുകയും ചെയ്തു. കൊവിഡ് മാനദണ്ഡ പ്രകാരം ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിഞ്ഞ ദിവസമാണ് യുവതി ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. എന്നാല്‍, ഹോം ക്വാറന്റൈനില്‍ പോകാത്തതിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാടെന്നാണ് യുവതി പറയുന്നത്.
നിലവില്‍ സഹപ്രവര്‍ത്തകയുടെ വീട്ടിലാണ് യുവതി കഴിയുന്നത്.