Connect with us

Gulf

ഉംറ രണ്ടാം ഘട്ടം ഞായറാഴ്ച മുതൽ; റൗളാ ശരീഫിലേക്കും സന്ദർശനാനുമതി 

Published

|

Last Updated

മക്ക- മദീന | ഉംറയുടെ രണ്ടാം ഘട്ടത്തിനും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ റൗളാ ശരീഫിലേക്കുള്ള സന്ദർശനത്തിനും ഞായറാഴ്ച തുടക്കമാവുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഉംറ തീർഥാടനത്തിന്  പ്രതിദിനം  പതിനയ്യായിരം പേർക്കും മസ്ജിദുന്നബവിയിലെ നാലാം ശരീഫ് സിയാറതിന് നാൽപതിനായിരം പേർക്കുമാണ് അനുമതി. സാമൂഹിക അകലം ഉൾപ്പടെയുള്ള കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് രണ്ടാം ഘട്ട തീർത്ഥാടനവും നടപ്പിലാക്കുക. രണ്ടാം ഘട്ടത്തിൽ വിദേശ തീർഥാടകർക്ക് അനുമതി നൽകിയിട്ടില്ല.

നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീർഥാടകർക്ക് ഇരുഹറമുകളിലേക്കും പ്രവേശനാനുമതി നൽകുക. എന്നാൽ ഏതെല്ലാം രാജ്യത്ത് നിന്നുള്ളവർക്കാണ് അനുമതി നൽകുകയെന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഒക്ടോബർ അവസാന വാരത്തോടെ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മസ്ജിദുന്നബവിയിലെ റൗള ശരീഫ് ഉൾകൊള്ളുന്ന ഭാഗം  സിയാറത്തിനായി  തുറക്കുന്നതോടെ  ഹറം ശരീഫില്‍ വെച്ച്‌ നിസ്കരിക്കാനും റൗളാ ശരീഫ്  സന്ദര്‍ശിക്കാനും അവസരം ലഭിക്കും.

ഓരോ സംഘവും തീർഥാടനം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ മസ്ജിദുൽ ഹറം പൂർണമായും അണുനശീകരണം പൂർത്തിയാക്കും. നിലവിൽ  പത്ത് തവണയാണ് അണു നശീകരണ ജോലികൾ പൂർത്തിയാക്കുന്നത്. ഹറമിലെത്തുന്ന തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ  സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അണുനശീകരണത്തിന് ഈ മാസം മുതൽ റോബോട്ടുകളും സേവന രംഗത്തുണ്ട്.

രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇരുഹറമിലേക്കും മന്ത്രാലയം പുറത്തിറക്കിയ  “ഇഅതമർനാ” ആപ്ലിക്കേഷനിൽ  കൂടുതൽ ഫീച്ചറുകൾ  ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ ഉംറ പെർമിറ്റിന് പുറമെ  ഇരു ഹറമുകളിലേക്കുള്ള നിസ്കാരം, മസ്ജിദുന്നബയിലെ റൗളാ ശരീഫിലേക്കുള്ള പ്രവേശനം, റൗളയിലെ  പ്രവാചകന്റെ ഖബറിടത്തിൽ സലാം പറയൽ എന്നീ അനുമതികളാണ്‌  പുതുതായി ചേർത്തതെന്ന് ഹജ്ജ് ഉംറ  മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കൂടാതെ  കിസ്‌വ ഫാക്ടറി, ഹറം മ്യൂസിയം സന്ദര്‍ശനവും ഞായറാഴ്ച മുതല്‍ സന്ദർശകർക്കായി തുറക്കുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.

ഇഅതമർനാ ആപ്പ് വഴി ഹറമുകളിലേക്ക്‌ പ്രവേശനം ലഭിച്ചവർ അനുവദിച്ച സമയം കഴിഞ്ഞ് വരുന്നവരെ അതിർത്തി ചെക്ക് പോയിന്റുകളിൽ നിന്നും തിരിച്ചയക്കുമെന്ന് മക്കയിലെ  റോഡ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ ഹമ്മാദ് അറിയിച്ചു. തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾ  അതിർത്തിയിൽ വെച്ച് യാത്രക്കാരുടെ പേരുവിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഹറമിലേക്ക് പ്രവേശന അനുമതി നൽകുകയുള്ളൂവെന്നും ഓരോ തീർഥാടകനും കൃത്യ സമയത്ത് തന്നെ ഹറമിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ ഉംറ തീർഥാടനം നീട്ടിവെക്കണമെന്നും സഊദി  ആരോഗ്യ മന്ത്രാലയം  കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തിരുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലായിരുന്നു ഉംറ താത്കാലികമായി നിർത്തിവെച്ചിരുന്നത്. രാജ്യത്തെ സ്ഥിഗതികൾ നിയന്ത്രണവിധേയമായതോടെ ഒക്ടോബർ 4ന് പുനരാരംഭിച്ച ആദ്യ ഘട്ടത്തിൽ  രാജ്യത്ത് കഴിയുന്ന സ്വദേശികളും വിദേശികളുമടക്കം പ്രതിദിനം 6,000 പേർക്കാണ് ഉംറ നിർവഹിക്കാൻ അനുമതി നല്കിയിരുന്നത്.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest