പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാഴ്ച മുതല്‍

Posted on: October 17, 2020 2:36 pm | Last updated: October 17, 2020 at 2:36 pm

പാലക്കാട് | ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ തുടങ്ങാന്‍ ഭക്ഷ്യമന്ത്രി പി തിലോത്തമെന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇടഞ്ഞ് നിക്കുന്ന മില്ലുകളെ ഒഴിവാക്കി സഹകരണ സംഘങ്ങള്‍ വഴിയാണ് നെല്ല് സംഭരിക്കുക. ഇതിനായി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച കരാറിലേര്‍പ്പെടും. കൊയ്തെടുത്ത ഒന്നാം വിളനെല്ല് മുഴുവന്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്നത് വാര്‍ത്തയായതോടെയാണ് ഭക്ഷ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍. നിലവില്‍ പാഡി കോ എന്ന സഹകരണ സ്ഥാപനവും നാല് മില്ലുകളും മാത്രമാണ് നെല്ല് സംഭരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ നെല്ലും 35 സഹകരണ സംഘങ്ങള്‍ വഴി ശേഖരിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചു. കര്‍ഷകര്‍ക്ക് മുന്‍വര്‍ഷങ്ങളിലെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.