കാല്‍നട യാത്രികനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി

Posted on: October 16, 2020 11:19 pm | Last updated: October 16, 2020 at 11:19 pm

പത്തനംതിട്ട | കാല്‍നട യാത്രികനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി. വാര്യാപുരം വരട്ടുചിറ വലിയകാലായില്‍ രവീന്ദ്രനെ (65) യാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ വാഹനം ഇടിച്ചു തെറിപ്പിച്ചത്. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംഗ്ഷന് സമീപത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍ സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പരുക്കേറ്റയാളുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട സി ഐ. ജി സുനില്‍ പറഞ്ഞു.

കര്‍ഷകനായ രവീന്ദ്രന്‍ എസ് ബി ഐ ശാഖയില്‍ നിന്ന് വാര്‍ധക്യ പെന്‍ഷന്‍ വാങ്ങിയ ശേഷം പോലീസ് സഹായത്തോടെ റോഡ് കുറുകെ കടന്ന്‌ കലക്ടറേറ്റ് ഭാഗത്തേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം. തെറിച്ചു വീണ രവീന്ദ്രനെ സമീപത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുകയും ചെയ്തു.