കോട്ടയം പുതുപ്പള്ളിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

Posted on: October 16, 2020 10:47 pm | Last updated: October 17, 2020 at 9:05 am

കോട്ടയം | പുതുപ്പള്ളി കൊച്ചാലുമ്മൂടിനു സമീപം കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മുണ്ടക്കയം പ്ലാക്കപ്പടി, കുന്നപ്പള്ളി വീട്ടില്‍ കുഞ്ഞുമോന്‍-ശോശാമ്മ ദമ്പതികളുടെ മകന്‍ ജിന്‍സ് (35), പത്തനംതിട്ട കവിയൂര്‍ ഇലവിനാല്‍ വീട്ടില്‍ മുരളി (70), മുരളിയുടെ മകള്‍ ചിങ്ങവനം മൈലുംമൂട്ടില്‍ ജലജ (40) എന്നിവരാണ് മരിച്ചത്. ജലജയുടെ മകന്‍ അമിത് (എട്ട്), അനിയത്തി ജയന്തിയുടെ മകന്‍ അതുല്‍ (11) എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പാടിയിലെ ബന്ധുവീട്ടില്‍ നിന്നും പത്തനംതിട്ട കവിയൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ കെ എസ് ആര്‍ ടി സി ബസുമായി ഇടിക്കുകയായിരുന്നു. പുതുപ്പള്ളി ഞാലിയാകുഴി റോഡില്‍ തൃക്കോതമംഗലം കൊച്ചാലുമ്മൂടിനു സമീപം വടക്കേക്കര സ്‌കൂളിനു മുന്നിലായി ഇന്ന് വൈകിട്ട് 5.45ഓടെയാണ് അപകടമുണ്ടായത്. പുതുപ്പള്ളി ഭാഗത്തുനിന്ന് എത്തിയ കുടുംബം സഞ്ചരിച്ച ഓള്‍ട്ടോ കാര്‍ എതിര്‍ദിശയില്‍നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനു മൊഴി നല്‍കി. പൂര്‍ണമായി തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

പരുക്കേറ്റ ജലജയെയും കുട്ടികളെയും ആദ്യം സമീപത്തെ സ്വകാര്യാശുപത്രിയിലാണ് എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും ജലജ മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജലജയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലും ജിന്‍സിന്റെയും മുരളിയുടെയും മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെതാണ് അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസ്. ബസിലെ യാത്രക്കാര്‍ക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്. മരിച്ച ജിന്‍സ് കഞ്ഞിക്കുഴി മാഗ്മ ഫിന്‍ കോര്‍പ്പ് ജീവനക്കാരനാണ്. ഭാര്യ: ശ്രീക്കുട്ടി. മകള്‍: നിയ മോള്‍.