National
വിവാദ പരാമര്‍ശം; തരൂരിനെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയാണെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരായ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. കേസില്‍ വിചാരണ കോടതി തനിക്കെതിരെ സമന്‍സ് നല്‍കിയതിനെ ചോദ്യം ചെയ്ത് തരൂര്‍ സമര്‍പ്പിച്ച ഹരജിയില്‍ പരാതിക്കാരനായ ബി ജെ പി നേതാവ് രാജീവ് ബബ്ബാറിന് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് നോട്ടീസയച്ചു. വിഷയത്തില്‍ ബബ്ബാറില്‍ നിന്ന് കോടതി പ്രതികരണം തേടുകയും ചെയ്തു. കേസ് തുടര്‍ വാദത്തിനായി ഡിസംബര്‍ ഒമ്പതിലേക്ക് മാറ്റി.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, വികാസ് പഹ്വ എന്നിവരാണ് തരൂരിനു വേണ്ടി കോടതിയില്‍ ഹാജരായത്. മാനനഷ്ട കേസില്‍ തരൂരിനെതിരെ സമന്‍സയച്ച 2019 ഏപ്രില്‍ 27ലെ വിചാരണ കോടതി നടപടി റദ്ദാക്കണമെന്ന് സിബലും പഹ്വയും കോടതിയോട് ആവശ്യപ്പെട്ടു. 2018 നവംബര്‍ രണ്ടിന് ഫയല്‍ ചെയ്യപ്പെട്ട പരാതിയും റദ്ദാക്കണമെന്ന് അഡ്വ. ഗൗരവ് ഗുപ്ത മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ തരൂര്‍ വ്യക്തമാക്കിയിരുന്നു. വിചാരണ കോടതിയുടെ ഉത്തരവ് നിയമപരമായി ശരിയല്ലെന്നും ക്രിമിനല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പഹ്വ വാദിച്ചു. ബബ്ബാറിന്റെ പരാതി അടിസ്ഥാനമില്ലാത്തതും ബാലിശവുമാണെന്നും പഹ്വ പറഞ്ഞു. തരൂരിന്റെ പരാമര്‍ശം തന്റെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബബ്ബാര്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.
മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയാണെന്നും കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പ് കൊണ്ട് കൊല്ലാനും പറ്റില്ല എന്ന അവസ്ഥയാണെന്നുമാണ് ശശി തരൂര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. തന്റെ സുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകനോട് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് നടത്തിയതാണ് ഈ പരാമര്‍ശമെന്നും തരൂര്‍ സൂചിപ്പിച്ചിരുന്നു. ബെംഗളൂരു ലിറ്ററേച്ചല്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിന്റെ ഭാഗമായി നടന്ന സംവാദത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം.