22ാം നിലയുടെ വീതികുറഞ്ഞ സണ്‍സൈഡില്‍ തലകുത്തി നിന്ന് സാഹസപ്രകടനം; യുവാവ് അറസ്റ്റില്‍

Posted on: October 16, 2020 7:50 pm | Last updated: October 16, 2020 at 7:50 pm

മുംബൈ | ബഹുനില കെട്ടിടത്തിന്റെ 22ാം നിലയുടെ സണ്‍സൈഡില്‍ തലകുത്തിനിന്ന് അതിസാഹസികത കാണിച്ച യുവാവ് അറസ്റ്റില്‍. സാഹസിക രംഗം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട മുംബൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നൊമാന്‍ ഡിസൂസ എന്ന യുവാവാണ് അറസ്റ്റിലായത്. എനര്‍ജി ഡ്രിങ്ക് കുടിച്ച ശേഷം കെട്ടിടത്തിന്റെ വീതി കുറഞ്ഞ സണ്‍സൈഡില്‍ ഇരു കൈകളും നിലത്ത് കുത്തി കാലുകള്‍ ഉയര്‍ത്തി നില്‍ക്കുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കണ്ടിവാലിയുടെ പടിഞ്ഞാറന്‍ പ്രാന്ത പ്രദേശത്തുള്ള ഭാരത് എസ് ആര്‍ എ എന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് അതിസാഹസികത കാണിച്ചത്.

യുവാവ് സാഹസിക അഭ്യാസങ്ങള്‍ കാണിക്കുന്നത് സുഹൃത്തുക്കളായ രണ്ട് പേരാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടുന്നതിന് സെല്‍ഫികളും വീഡിയോകളും എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പേര്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ട്. 2018 ല്‍ ഹൈദരാബാദില്‍ ഒരാള്‍ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.