കസ്റ്റംസ് കസ്റ്റഡിയിൽ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

Posted on: October 16, 2020 7:40 pm | Last updated: October 16, 2020 at 10:29 pm

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനുമായ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാർഡിയാക് ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അറിയുന്നത്.

വെെകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള അദ്ദേഹത്തിൻെറ വസതിയിൽ എത്തിയിരുന്നു. ആറ് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു. തുടർന്ന് അഭിഭാഷകനെ വിവരമറിയിച്ച ശിവശങ്കർ, കസ്റ്റംസ് സംഘത്തിന് ഒപ്പം പുറപ്പെട്ടു. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതിനിടെ, അദ്ദേഹത്തെ പി ആർ എസ് ആശുപത്രിയിൽ നിന്ന് മാറ്റുവാൻ കസ്റ്റംസ് ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തുന്നതായും സൂചനകൾ പുറത്തുവരുന്നു.