ബൈഡന്‍ ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ സ്ഥാനാര്‍ഥി: ട്രംപ്

Posted on: October 16, 2020 9:59 am | Last updated: October 16, 2020 at 12:22 pm

വാഷിംഗ്ടണ്‍ | പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള മത്സരം അമേരിക്ക- ചൈന മത്സരമാക്കി വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡനെ വ്യക്തിപരമായി അധിക്ഷേപിച്ചും അമേരിക്കന്‍ വികാരം ഇളക്കിവിട്ടും വിഭാഗീയത തീര്‍ക്കുന്ന തരത്തിലുള്ള പ്രചാരണവുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും അയോഗ്യനായ സ്ഥാനാര്‍ഥിയാണ് ബൈഡനെന്ന് വ്യക്തമാകുമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇന്നലെ നോര്‍ത്ത് കരോലിനയില്‍ നടന്ന തിരഞ്ഞെടുപ്പ്റാലി്ക്കിടെയായിരുന്നു ബൈഡനെതിരെയുള്ള ട്രംപിന്റെ ആരോപണങ്ങള്‍.

അയോഗ്യനായ എതിര്‍സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നത്. ഇത്തരത്തിലൊരു വ്യക്തിയോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാനാവുന്നില്ല. ബൈഡന്‍ യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദത്തിലാവേണ്ട ആവശ്യകത ഇല്ലായിരുന്നു. വിവേകമതികളായ ജനങ്ങളുള്ള മണ്ഡലങ്ങളില്‍ താനാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണ്. ബൈഡന്‍ ജയിച്ചാല്‍ അത് ചൈനയുടെ വിജയവും തനിക്കാണ് ജയമെങ്കില്‍ അത് അമേരിക്കയുടെ വിജയവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ബൈഡന്‍ അഴിമതിക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനാണ്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ ചൈനയ്ക്ക്തട്ടിയെടുക്കാന്‍ ബൈഡന്‍ അവസരമൊരുക്കുന്നതിനിടെയാണ് ബൈഡന്റെ മകന്‍ ഹണ്ടര്‍ ചൈനയിലെ വന്‍കിട കമ്പനിയുമായി വ്യാപാരക്കരാറുണ്ടാക്കിയത്. ദേശീയസുരക്ഷ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പാണിതെന്നും അമേരിക്ക കൊള്ളയടിക്കപ്പെടുന്നതിനിടെ ബൈഡന്‍ കൂടുതല്‍ സമ്പന്നനായിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.