Connect with us

Kerala

എന്‍ സി പി സംസ്ഥാന നേതൃയോഗം ഇന്ന്; പാല സീറ്റ് മുഖ്യവിഷയം

Published

|

Last Updated

കൊച്ചി |  കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിലേക്ക് വരുന്നതോടെ പാല സീറ്റ് പാര്‍ട്ടി വിട്ടുനല്‍കേണ്ടി വരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ എന്‍ സി പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. താന്‍ പൊരുതി നേടിയ പാല സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് മാണി സി കാപ്പന്‍ യോഗത്തില്‍ ഉന്നയിച്ചേക്കും. എന്നാല്‍ പാല സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാല സീറ്റ് സംബന്ധിച്ച വിഷയം കാപ്പന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഉന്നയിച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് എ കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ക്കുള്ളത്. പാല സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടുന്നത് അടക്കമുള്ള സൂചനകള്‍ യോഗത്തില്‍ കാപ്പന്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സീറ്റിനെ ചൊല്ലി കാപ്പന്‍ മുന്നണിവിട്ടാല്‍ അദ്ദേഹത്തിനൊപ്പം പേര്‍ ഏതാനും പേര്‍ മാത്രമാണ് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭൂരിഭാഗം താഴെക്കിടയിലുളള പ്രവര്‍ത്തകരും ഇടതിനൊപ്പം ഉറച്ച് നിന്നേക്കും. പാലയില്‍ എല്‍ ഡി എഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ യു ഡി എഫ് പിന്തുണയോടെ കാപ്പന്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. എന്‍ സി പി ദേശീയ നേതൃത്വത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്.