Connect with us

Editorial

ആ കത്ത് മതേതരത്വത്തെ നിന്ദിക്കുന്നത്‌

Published

|

Last Updated

കോണ്‍ഗ്രസ് ഭരണകാലത്ത് ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമായിരുന്നു. ഇന്ന് ബി ജെ പി ഭരണത്തില്‍ കേന്ദ്രത്തിന്റെ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കുള്ള ആയുധമായി മാറിയിരിക്കുകയാണോ ഗവര്‍ണര്‍മാരെന്ന് സംശയിപ്പിക്കുന്നതാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി അയച്ച കത്ത.് ഗവര്‍ണര്‍ പദവിക്ക് ഒട്ടും യോജിക്കാത്തതും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വ താത്പര്യങ്ങളെ പാടേ അവഹേളിക്കുന്നതുമായിപ്പോയി കോശിയാരിയുടെ കത്തിലെ ഭാഷയും പ്രയോഗങ്ങളും.

ലോക്ക്ഡൗണില്‍ അടച്ചിട്ടിരുന്ന ബാറുകളും ബീച്ചുകളും തുറന്നിട്ടുണ്ട് മഹാരാഷ്ട്രയില്‍. ആരാധനാലയങ്ങള്‍ക്ക് ഇതുവരെ തുറക്കാനുള്ള അനുമതി നല്‍കിയിട്ടുമില്ല സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കാത്തതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്യവെ ഞായറാഴ്ച ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ വരാനിരിക്കെ ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊവിഡിന്റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി. അതേസമയം, ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി വിശ്വാസികള്‍ രംഗത്തു വന്നിട്ടുണ്ട്. ഇതിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷമായ ബി ജെ പി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇനിയുമെന്തേ താമസമെന്ന് ചോദിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തെഴുതിയത്. മറ്റു നഗരങ്ങളിലെല്ലാം ജൂണില്‍ ആരാധനാലയങ്ങള്‍ തുറന്നു. അവിടങ്ങളിലൊന്നും ഇത് കൊവിഡ് ക്രമാതീതമായി പെരുകാന്‍ ഇടയാക്കിയിട്ടില്ല. ബാറുകളും റസ്റ്റൊറന്റുകളും ബീച്ചുകളും തുറന്നിരിക്കെ ആരാധനാലയങ്ങള്‍ തുറക്കാതിരിക്കുന്നതിന് ന്യായീകരണമില്ലെന്നും കത്തില്‍ ഗവര്‍ണര്‍ പറയുന്നു.

കൂട്ടത്തില്‍ ഉദ്ധവ് താക്കറെയെ വ്യക്തിപരമായി പരിഹസിക്കുന്ന ചില പരാമര്‍ശങ്ങള്‍ കൂടിയുണ്ട് കത്തില്‍. “”താങ്കളൊരു കടുത്ത ഹിന്ദുത്വ വാദിയായിരുന്നല്ലോ. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം അയോധ്യ സന്ദര്‍ശിച്ച് അത് പരസ്യമാക്കുകയും ചെയ്തു. പാണ്ഡാര്‍പുരിലെ ക്ഷേത്രത്തില്‍ പൂജ നടത്തുകയും ചെയ്തു. ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ എന്തെങ്കിലും ദൈവീക നിര്‍ദേശം ലഭിക്കുന്നുണ്ടോ? അതോ നേരത്തേ താങ്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്ന മതേതരവാദി ആയി മാറിയോ?”” ഈ വരികളാണിപ്പോള്‍ വിവാദമായി മാറിയത്. എന്‍ സി പി നേതാവ് ശരത് പവാര്‍, കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാത്തതിന്റെ കാരണം അന്വേഷിക്കാനും അതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

ജനാധിപത്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ സ്വതന്ത്രമായ ആശയവിനിമയം ആവശ്യവുമാണ്. എന്നാല്‍ കത്തുകളിലെയും സംസാരങ്ങളിലെയും ഭാഷ അദ്ദേഹം ഇരിക്കുന്ന ഗവര്‍ണര്‍ പദവിക്ക് യോജിക്കുന്നതും മാന്യവുമായിരിക്കണം. മുഖ്യമന്ത്രിയുടെ വിശ്വാസത്തെയോ വ്യക്തിപരമായ താത്പര്യങ്ങളെയോ ചോദ്യം ചെയ്യാനും പരിഹസിക്കാനും ഗവര്‍ണര്‍ക്ക് അധികാരമില്ല. ഉദ്ധവ് താക്കറെയെ ഹിന്ദുത്വത്തെക്കുറിച്ച് പഠിപ്പിക്കുക അദ്ദേഹത്തിന്റെ ജോലിയുമല്ല. ഭരണഘടനാ പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നിരിക്കെ ഭരണഘടന ഊന്നിപ്പറയുന്ന മതേതരത്വത്തെ മാനിക്കാനും ഔദ്യോഗിക ജീവിതത്തില്‍ അതിന്റെ അന്തസ്സത്തകള്‍ക്കൊത്ത് പെരുമാറാനും അദ്ദേഹം ബാധ്യസ്ഥനാണ്. ഗവര്‍ണര്‍ ഭഗത് സിംഗിന്റെ കത്തിലെ പ്രയോഗങ്ങളും ഭാഷയും മതേതരത്വത്തെ പരിഹസിക്കുന്നതായിപ്പോയി.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന തിരഞ്ഞെടുപ്പാനന്തരം മുഖ്യമന്ത്രി പദവി പങ്കുവെക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ ശിവസേന, എന്‍ സി പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഭരണത്തിലേറിയതു തൊട്ടേ തുടങ്ങിയതാണ് ഉദ്ധവ് താക്കറെയും ഗവര്‍ണറും തമ്മിലെ ഭിന്നത. ശിവസേന അധികാരത്തിലേറാതിരിക്കാന്‍ ഭരണഘടനാപരമായ തത്വങ്ങള്‍ അട്ടിമറിച്ച് അന്ന് ഗവര്‍ണറും കേന്ദ്രവും ചേര്‍ന്ന് ബി ജെ പി നേതാവ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നു ബോധ്യമായതിനെ തുടര്‍ന്ന് ഫഡ്‌നാവിസിന് രംഗം വിടേണ്ടി വന്നതോടെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിലേറിയത്. പിന്നീടങ്ങോട്ട് ഉദ്ധവിനെതിരെ തന്റെ ഗവര്‍ണര്‍ പദവി നിരന്തരം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഭഗത് സിംഗ് കോശിയാരി.

ആര്‍ എസ് എസിലൂടെ വളര്‍ന്ന് ബി ജെ പിക്ക് കീഴില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പദമുള്‍പ്പെടെ ഉന്നത അധികാര ശ്രേണികള്‍ കൈയടക്കിയ മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഭഗത് സിംഗ്. നിയമനത്തിന് കുറച്ചുകാലം മുമ്പെങ്കിലും സജീവ രാഷ്ട്രീയം വിട്ടവരെ ആയിരിക്കണം ഗവര്‍ണര്‍മാരായി നിയമിക്കേണ്ടതെന്ന് ജസ്റ്റിസ് സര്‍ക്കാറിയ കമ്മീഷന്‍ തുടങ്ങിയ സമിതികളെല്ലാം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ തുടരുന്നവരെയാണ് ഈ പദവിയിലേക്ക് ഇന്ന് നിയോഗിക്കുന്നത്. ഇതിന്റെ അനന്തര ഫലമാണ് കേന്ദ്ര ഭരണ കക്ഷിയല്ലാത്ത പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ഊഷ്മളമാക്കി ഫെഡറലിസത്തിന് കരുത്തു പകരേണ്ട ഈ ഭരണഘടനാ പദവി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ താത്പര്യാനുസാരം ഭരണഘടനാ തത്വങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കടകവിരുദ്ധമായി ഗവര്‍ണര്‍മാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുകയും ജനാധിപത്യ ഭരണ സംവിധാനത്തെ തന്നെ അട്ടിമറിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയായിട്ടുണ്ട്. കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടമായ ഗവര്‍ണര്‍ പദവി ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു വരാന്‍ ഇത് ഇടയാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ പദവിയുടെ ദുരുപയോഗം തടയാന്‍ സര്‍ക്കാറോ ജുഡീഷ്യറിയോ മുന്നോട്ടു വരുന്നില്ലെങ്കില്‍ ഇത് നീക്കം ചെയ്യുന്നത് തന്നെയാണ് അഭികാമ്യം.

---- facebook comment plugin here -----

Latest