ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Posted on: October 15, 2020 9:25 pm | Last updated: October 15, 2020 at 9:25 pm

മുംബൈ |  സിനിമയിലെ വസ്ത്രാലങ്കാരത്തിലൂടെ ഇന്ത്യയിലേക്ക് ആദ്യമായി ഓസ്‌കര്‍ എത്തിച്ച ഭാനു അത്തയ്യ (91) അന്തരിച്ചു. വിവിധ അസുഖങ്ങളാല്‍ ഏറെ കാലമായി വിശ്രമ ജീവിതം നയിച്ചിരുന്ന ഭാനു അത്തയ്യ മുംബൈിലെ വസതിയില്‍വെച്ചാണ് മരിച്ചത്. തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷമായി അവര്‍ ചികിത്സയിലായിരുന്നുവെന്ന് മകള്‍ രാധിക ഗുപ്ത പറഞ്ഞു. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത ചിത്രം ഗാന്ധിക്കാണ് അവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്.

അഞ്ച് പതിറ്റാണ്ടിനിടെ നൂറിലധികം ചിത്രങ്ങള്‍ക്കുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. ലേക്കിന്‍, ലഗാന്‍ എന്നീ ചിത്രങ്ങള്‍ക്ക് അവര്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഗുരുദത്തിന്റെ സി ഐ ഡി എന്ന ചിത്രത്തിലൂടെയായിരുന്നു ഭാനു അത്തയ്യ വസ്ത്രാലങ്കാരകയായി ബോളിവുഡില്‍ തുടക്കംകുറിക്കുന്നത്. ബോളിവുഡിലെ പ്രമുകരായ ഒട്ടുമിക്ക സംവിധായകര്‍ക്കുമൊപ്പം അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ലഗാന്‍ ആയിരുന്നു ഇവര്‍ അവസാനം വസ്ത്രാലങ്കാരം നിര്‍വഹിച്ച സിനിമ.