തിരുവനന്തപുരം | തിരുവനന്തപുരം തോന്നക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) ഉള്‍പ്പെടെയുള്ളവയുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യഘട്ടത്തില്‍ കൊവിഡ് പി സി ആര്‍ പരിശോധനക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഗവേഷണവും നടത്തും. ജെല്‍ ഡോക്യുമെന്റേഷന്‍ സംവിധാനം, ബയോ സേഫ്റ്റി ലെവല്‍ കാബിനറ്റ്‌സ്, കാര്‍ബണ്‍ ഡയോക്‌സൈഡ് ഇന്‍കുബേറ്റര്‍, നാനോ ഫോട്ടോ മീറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 25 ഏക്കറില്‍ 25,000 ചതുരശ്ര അടിയുള്ള പ്രീ-ഫാബ്രിക്കേഷന്‍ കെട്ടിടത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ക്ക് ആ്യഘട്ടത്തില്‍ അനുമതി നല്‍കി.
തുടര്‍ നടപടികളുടെ ഭാഗമായി എട്ട് വിഭാഗങ്ങളില്‍ 160 ല്‍ അധികം വിദഗ്ധരെ നിയമിക്കും. ഡോ. അഖില്‍ സി ബാനര്‍ജിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍. ഡോ. വില്യംഹാള്‍ മുഖ്യ ഉപദേശകനാണ്.