Connect with us

Editorial

ഗുണ്ടാ വേട്ടകള്‍ ഫലപ്രദമാകണമെങ്കില്‍

Published

|

Last Updated

അവസാനം പോലീസ് ഗുണ്ടകളെ തേടിയിറങ്ങി. തൃശൂരില്‍ അടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുകയുണ്ടായി ഇന്നലെ തൃശൂര്‍ പോലീസ്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വീടുകളും ഒളിത്താവളങ്ങളും കേന്ദ്രീകരിച്ച് ഓപറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി ആദിത്യ, എ സി പി. വി കെ രാജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നിരവധി ഗുണ്ടകളെ പിടികൂടുകയും തോക്ക്, വടിവാള്‍, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കഞ്ചാവ് ശേഖരവും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട് ചില കേന്ദ്രങ്ങളില്‍ നിന്ന്. 335 ഒളിത്താവളങ്ങളിലായി 595 കുറ്റവാളികളെ പോലീസ് പരിശോധനക്ക് വിധേയമാക്കി. പാലക്കാട് ജില്ലയില്‍ 40 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഒളിവില്‍ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തൃശൂര്‍ അക്രമങ്ങളിലെ ചില പ്രതികള്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ഈ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. തൃശൂരിലും പരിസര നാടുകളിലും കഞ്ചാവ്, ഗുണ്ടാ സംഘങ്ങള്‍ വ്യാപകമായിട്ടും അവരെ പ്രതിരോധിക്കുന്നതില്‍ പോലീസ് സംവിധാനം പരാജയപ്പെടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

12 ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്. ഒക്‌ടോബര്‍ നാലിന് വനിതാ ഡോക്ടറും കൂത്താട്ടുകുളം സ്വദേശിനിയുമായ സോന, സുഹൃത്ത് മഹേഷിന്റെ കുത്തേറ്റു മരിച്ചു. അന്നേ ദിവസമാണ് സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ രാഷ്ട്രീയ ശത്രുക്കള്‍ വെട്ടിക്കൊന്നത്. ഒക്‌ടോബര്‍ ആറിന് കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം പൊരിബസാറില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന രാജേഷിനെ ഭക്ഷണം പാകം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്ത് അരുണ്‍ കൊലപ്പെടുത്തി. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പഴയന്നൂര്‍ എളനാട് തിരുമണി സതീഷിനെ അയല്‍വാസിയുടെ വീടിനു മുന്നില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടതും അന്നു തന്നെ. സെപ്തംബര്‍ 29ന് വളര്‍ത്തുനായയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബന്ധുക്കളുടെ അക്രമത്തിനിരയായ ഒല്ലൂര്‍ സ്വദേശി ശശി മരണപ്പെട്ടു. ഒക്‌ടോബര്‍ പത്തിന് നിധിന്‍ എന്ന യുവാവിനെ ഒരു സംഘം കാറിടിപ്പിച്ച് തള്ളിയിട്ട ശേഷം വെട്ടിക്കൊന്നു. അന്തിക്കാട്ട് ആദര്‍ശ് വധക്കേസിലെ എട്ടാം പ്രതിയായിരുന്നു നിധിന്‍. രണ്ട് ദിവസം മുമ്പാണ് പഴയന്നൂരില്‍ ഒറ്റപ്പാലം സ്വദേശി റഫീഖ് (32) കൊല്ലപ്പെട്ടത്.

രാഷ്ട്രീയ കൊലപാതകങ്ങളും സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലോ വ്യക്തിവൈരാഗ്യത്താലോ നടക്കുന്ന ഒറ്റപ്പെട്ട കൊലപാതകങ്ങളുമായിരുന്നു അടുത്ത കാലം വരെ കേരളത്തില്‍ നടന്നിരുന്നത്. ഗുണ്ട, ക്വട്ടേഷന്‍ സംഘങ്ങളുടെ തേര്‍വാഴ്ച കേരളീയര്‍ക്ക് കേട്ടുകേള്‍വിയായിരുന്നു. ഇത്തരം സംഘങ്ങളും അവരുടെ വിളയാട്ടങ്ങളും ഇന്നിവിടെ പരിചിതമാണ്. കൂലിക്ക് വെട്ടിയും കൊന്നും ചോരപ്പുഴ ഒഴുക്കിയും ഗുണ്ടാ സംഘങ്ങള്‍ തലങ്ങും വിലങ്ങും വിഹരിക്കുന്നു സംസ്ഥാനത്ത്. നിയമത്തെയോ പോലീസിനെയോ കോടതികളെയോ ഇവര്‍ക്കൊരു ഭയവുമില്ല. ഇതിനിടെ മധ്യ കേരളത്തിലെ ഒരു ബസ് വെയ്റ്റിംഗ് ഷെഡില്‍ “ക്വട്ടേഷന്‍ സംഘത്തെ ആവശ്യമുള്ളവര്‍ വിളിക്കുക” എന്നൊരു പരസ്യ ബോര്‍ഡ് തന്നെ സംഘത്തിന്റെ ഫോണ്‍ നമ്പര്‍ സഹിതം പ്രത്യക്ഷപ്പെട്ടിരുന്നു. അനധികൃത പണമിടപാടുകള്‍, വസ്തുവ്യാപാരം, വായ്പാ കുടിശ്ശികയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കല്‍, കുഴല്‍പ്പണ വിതരണം, മയക്കുമരുന്ന്- മണല്‍- ക്വാറി മാഫിയകള്‍ക്ക് സംരക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ട് പലരും.

ഗുണ്ടാ സംഘങ്ങള്‍ക്ക് കേരളത്തില്‍ വിഹരിക്കാന്‍ വഴിയൊരുക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. രാഷ്ട്രീയ ശത്രുക്കളോട് ഏറ്റുമുട്ടാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ നേരത്തേ സ്വന്തം അണികളെ തന്നെ പരിശീലനം നല്‍കി സജ്ജരാക്കുകയായിരുന്നു പതിവ്. പിന്നെപിന്നെ ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളെ വാടകക്കെടുക്കാന്‍ തുടങ്ങി. രാഷ്ട്രീയ സംഘട്ടനങ്ങളിലും കൊലപാതകങ്ങളിലും ഗുണ്ടകളെയും വാടക കൊലയാളികളെയും ഉപയോഗപ്പെടുത്തുന്ന രീതി പതിവായി. ഇതോടെ ഗുണ്ടാ സംഘങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ തണലും ആശ്രയവും കൈവന്നു തുടങ്ങി. സംസ്ഥാനത്തെ അറിയപ്പെടുന്ന പല ഗുണ്ടകളുടെയും തലതൊട്ടപ്പന്‍മാരായി പ്രവര്‍ത്തിക്കുന്നത് പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നത് പരസ്യമായ രഹസ്യമാണ്. പോലീസ് ഇവരുടെ പിറകെ അധികം പോകാറില്ല. പോയാല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും ഭരണതലത്തിലെയും ഉന്നതരിലേക്കാണ് ചെന്നെത്തുകയെന്ന് പോലീസിനറിയാം. ഇപ്പോള്‍ തൃശൂരില്‍ നടന്നതുപോലെ നിരന്തരമുള്ള ഗുണ്ടാ വിളയാട്ടത്തെ തുടര്‍ന്ന് ജനങ്ങള്‍ പോലീസിനെതിരെ രംഗത്തു വരുമ്പോഴാണ് റെയ്ഡിനായി ഇറങ്ങുന്നത്. അതുപക്ഷേ, പേരിന് ചിലരെ കസ്റ്റഡിയിലെടുക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നതില്‍ അവസാനിക്കുന്നു. ഗുണ്ടാ റെയ്ഡുകളെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരില്‍ എത്ര പേര്‍ക്കെതിരെ നിയമ നടപടിയുമായി സര്‍ക്കാറും പോലീസും മുന്നോട്ട് പോയെന്നും എത്ര പേര്‍ ശിക്ഷിക്കപ്പെട്ടുവെന്നും അന്വേഷിച്ചാലറിയാം പോലീസ് റെയ്ഡുകളുടെ ഉദ്ദേശ്യശുദ്ധി. ചിലപ്പോള്‍ മിടുക്കരായ പോലീസുദ്യോഗസ്ഥര്‍ സേനയുടെ നേതൃസ്ഥാനത്ത് വരുമ്പോള്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകാറുണ്ടെങ്കിലും അത്തരക്കാര്‍ക്ക് കൂടുതല്‍ നാളുകള്‍ സ്ഥാനത്ത് തുടരാന്‍ കഴിയാറില്ല. അവര്‍ സ്ഥാനം വിടുന്നതോടെ ഗുണ്ടാ സംഘങ്ങള്‍ പൂര്‍വാധികം ശക്തിയോടെ സജീവമാകും.
തൃശൂരില്‍ ക്രിമിനല്‍ സംഘങ്ങളെ നിരീക്ഷിക്കാന്‍ ഓരോ പോലീസ് സ്റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഗുണ്ടാ ലിസ്റ്റ് പുതുക്കുമെന്നും ജില്ലാ പോലീസ് മേധാവി പറയുന്നു. ഗുണ്ടാ വേട്ട കേരളത്തില്‍ മുമ്പും നടന്നിട്ടുണ്ട്. അന്നൊക്കെ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ വന്നിട്ടുമുണ്ട്. എന്നിട്ടും ഓരോ നാള്‍ പിന്നിടുന്തോറും സംസ്ഥാനത്ത് ഗുണ്ട, ക്രിമിനല്‍ വിളയാട്ടം വര്‍ധിക്കുകയാണ്. രാഷ്ട്രീയക്കാരുടെ ഗുണ്ടാ ബന്ധങ്ങളും ഇടപാടുകളും അവസാനിപ്പിക്കുകയും ഗുണ്ടകളില്‍ നിന്ന് മാസപ്പടിയും പാരിതോഷികങ്ങളും സ്വീകരിക്കുന്ന പോലീസുദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്‌തെങ്കിലേ സംസ്ഥാനത്ത് ക്രിമിനല്‍ തേര്‍വാഴ്ച അവസാനിപ്പിക്കാനാകൂ.

Latest