Connect with us

Religion

രമ്യത എന്ന സിദ്ധൗഷധം

Published

|

Last Updated

“ഇതാ, ഗുരോ!”
അയാൾ സവിനയം തന്റെ പാരിതോഷികം ഗുരുവിനു സമർപ്പിച്ചു. എപ്പോൾ ഗുരുവിനെ കാണാൻ വരുമ്പോഴും അയാളെന്തെങ്കിലും കൊണ്ടുവരാതിരിക്കില്ല. ഇത്തവണ വിലപിടിപ്പുള്ള ഒരു കത്രികയാണ് സമ്മാനിച്ചത്. പുഞ്ചിരിയോടെ ഗുരു അത് സ്വീകരിച്ചു.
കുശലാന്വേഷണങ്ങൾക്കു ശേഷം പോകാനിറങ്ങിയപ്പോൾ പതിവു തെറ്റിക്കാതെ ഗുരുവും അയാൾക്കൊരു സമ്മാനം കൊടുത്തു. ഇത്തവണയത് സൂചിയും നൂലുമായിരുന്നു – “കത്രിക ഒന്നായി ഉള്ളതിനെ മുറിച്ചു രണ്ടാക്കാനാണ്. ഇത് രണ്ടായി നിൽക്കുന്നതിനെ ചേർത്ത് ഒന്നാക്കും!”
രമ്യത ഒരു സിദ്ധൗഷധമാണ്. മനസ്സുകൾ തമ്മിലുള്ള അകൽച്ച കുറക്കാനും മുറിവുണക്കാനും അതിനു കഴിയും.

രണ്ട് വ്യക്തികൾ തമ്മിലുള്ള വൈരാഗ്യം അചിരേണ അവരുടെ കുടുംബ / പ്രസ്ഥാന ബന്ധുക്കളിലേക്ക് പടർന്നുപിടിച്ചു ഒടുവിൽ കക്ഷിവഴക്കിലും ചേരിപ്പോരിലും കലാശിക്കുന്നു. ശണ്ഠ മൂത്ത് രക്തച്ചൊരിച്ചിലിൽ വരെ എത്തുന്നു. അതൊരു പരമ്പരയായി നീളുന്ന അനുഭവങ്ങളും കുറവല്ല. നമുക്ക് വേണ്ടത് വെട്ടിമുറിക്കാനുള്ള സംവിധാനങ്ങളല്ല, ചേർത്തു പിടിക്കാനുള്ള മനസ്സാണ്.
അന്യരെ സ്നേഹിക്കാൻ കഴിയുന്നത് സമുന്നതമായ ഒരു മാനുഷിക ഗുണമാണ്. അതു സമൂഹത്തിന്റെ ഭദ്രതയും കെട്ടുറപ്പും വർധിപ്പിക്കും. സുരക്ഷിതത്വം ഉറപ്പാക്കും. തദ്വാരാ, സാമൂഹികവും മാനസികവുമായ ഐശ്വര്യം വളരും. വൈരാഗ്യവും പോരും അവസാനിക്കും. സ്വസ്ഥതയുള്ളയിടത്ത് സർഗാത്മകതയും വികസനോന്മുഖതയും കൂടുതലായിരിക്കും. അതു സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള വളർച്ച സാധ്യമാക്കും. ഇതൊരു സ്വപ്നമല്ല, മനുഷ്യാനുഭവ ചരിത്രമാണ്. അറേബ്യ അതിന്റെ സാക്ഷിയാണ്. ചരിത്രം ആവർത്തനപരതയിൽ ഊട്ടപ്പെട്ടതാണെന്നു ദാർശനികനായ ആർനോൾഡ് ടോയൻബി. നാം വിചാരിച്ചാൽ അതു യാഥാർഥ്യമാകും. പല തുള്ളി ചേർന്നാണ് പെരുവെള്ളമുണ്ടാകുന്നത്.

ഒരിക്കൽ നബിതിരുമേനി (സ്വ) അനുചരരോടു ചോദിച്ചു: “നിസ്കാരത്തേക്കാൾ, നോമ്പിനേക്കാൾ, സകാത്തിനേക്കാൾ മികച്ച ഒരു കർമം ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തട്ടേ?”
“അതെ, ദൂതരെ”
“നിങ്ങൾക്കിടയിൽ രമ്യതയുണ്ടാക്കുക!”

സൗഹാർദവും സഹകരണവും നമ്മെ വളർത്തുന്നു, സ്വാർഥത തളർത്തുകയും ചെയ്യും. ആലോചിച്ചു നോക്കൂ, എത്രയോ ജീവജാലങ്ങൾ ഇവിടെ വസിക്കുന്നു. എന്നാൽ, മനുഷ്യൻ മാത്രമാണ് ചരിത്രത്തിലേക്ക് ജനിച്ചു വീഴുന്നത്! മറ്റുള്ളവയെല്ലാം തങ്ങളുടെ ഗാത്രത്തിലേക്ക് ജനിക്കുന്നു, ജീവിക്കുന്നു, മൃതിയടയുന്നു. മനുഷ്യൻ ബുദ്ധിശക്തിയും കൂട്ടായ്മയും പ്രയോജനപ്പെടുത്തി സാമൂഹിക വളർച്ച അടയാളപ്പെടുത്തി ചരിത്രത്തിന്റെ അവിസ്മരണീയമായ ഭാഗമായിത്തീരുന്നു. ചരിത്രത്തിന്റെ ഉത്ഥാന പതനങ്ങളെ ശ്രദ്ധിക്കുക. എപ്പോഴെല്ലാം പരസ്പര സ്നേഹവും സൗഹാർദവും രമ്യതയും വളർത്താൻ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം നാം ചരിത്രം സൃഷ്ടിക്കുന്നവരായിരുന്നു. പ്രത്യുത, കുറുമ്പും കുശുമ്പും കാണിച്ചപ്പോഴെല്ലാം മുരടിച്ചു നിൽക്കുകയും തകർന്നു പോകുകയുമാണ് ചെയ്തത്. ഹാഫിളു ദ്ദഹബിയുടെ സിയറു അഅ്ലാമു ന്നുബലാഉം ജവഹർലാൽ നെഹ്റുവിന്റെ “Glimpses of World History”യും ആ കഥ പറയുന്നുണ്ട്.

ഓരോരുത്തർക്കും മാതൃക കാണിക്കാൻ കഴിയണം. അതാണ് അടുത്ത തലമുറയെ രൂപപ്പെടുത്തുന്നത്. തള്ളക്കോഴി എന്തു ചെയ്യുന്നുവോ, അത് കോഴിക്കുഞ്ഞുങ്ങൾ അനുകരിക്കും. ചികയാൻ പഠിക്കുന്നതും ഇര തേടാൻപഠിക്കുന്നതുമൊക്കെ അങ്ങനെ തന്നെ. ഒരു പരിധിയോളം ഇത് മനുഷ്യന്റെ കാര്യത്തിലും ശരിയാണെന്നാണ് മനഃശാസ്ത്ര വീക്ഷണം. ജന്മസിദ്ധമായ നൈസർഗിക ഗുണങ്ങളും ധാർമിക അവബോധവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നമുക്ക് സാധ്യമാകണം. സ്വാർഥത നാമ്പെടുക്കുന്നത് ചെറുപ്പത്തിലേ നുള്ളിക്കളയണം. എന്നാൽ, കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ ബീജാവാപം യാഥാർഥ്യമാകും.
കുഞ്ഞുങ്ങൾ വളരുമ്പോൾ അവരിലെ നിഷ്കളങ്കത നഷ്ടപ്പെടുന്നു. അവർ അംഗമാകുന്ന കൂട്ടായ്മകളോ സൗഹൃദങ്ങളോ ആണ് പലപ്പോഴും കാരണം. ഈയിടെ അതിന് രാഷ്ട്രീയത്തിന്റെ മുഖച്ഛായ വന്നിരിക്കുന്നു. രാഷ്ട്രീയം നമുക്ക് ആവശ്യമാണ്. ഇല്ലെങ്കിൽ സമൂഹം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയേക്കും. കലഹങ്ങളും കക്ഷി വഴക്കുകളുമായി മാറാതെ സമൂഹ പുരോഗതിക്കായുള്ള മാത്സര്യം ആകണം ശരിയായ രാഷ്ട്രീയം.

“ഗുരോ, എനിക്ക് നാട്ടിലെ കൂട്ടായ്മകളിൽ ചേർന്നു പ്രവർത്തിക്കാമോ?” ഒരു സാധകനോട് ശിഷ്യന്റെ അന്വേഷണം. പ്രതികരണമിങ്ങനെ: “നിനക്കു പാലങ്ങൾ പണിയാൻ കഴിയുമെങ്കിൽ ചേരാം; നാടുകൾ തമ്മിലല്ല, ആളുകൾ തമ്മിൽ!”

vallikkadbukhari@gmail.com

---- facebook comment plugin here -----

Latest