നികുതി വെട്ടിപ്പ്: ഫാഷന്‍ ഗോള്‍ഡ് ഉടമകളോട് 2.38 കോടി അടക്കാന്‍ വീണ്ടും ജിഎസ്ടി വിഭാഗത്തിന്റെ നോട്ടീസ്

Posted on: October 13, 2020 8:19 pm | Last updated: October 13, 2020 at 11:25 pm

കാസര്‍കോട് | നികുതി അടക്കാത്തതിനെ തുടര്‍ന്ന് ജിഎസ്ടി വിഭാഗം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമകള്‍ക്ക് രണ്ടാമതും നോട്ടീസ് നല്‍കി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ കാസര്‍കോട്, ചെറുവത്തൂര്‍ ശാഖകളിലായി 1.41 കോടി രൂപയുടെ നികുതിവെട്ടിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. 25 ശതമാനം പിഴയും പലിശയുമടക്കം 2.38 കോടി അടക്കാനാണ് പുതിയ നോട്ടീസിലെ നിര്‍ദ്ദേശം.

അതേ സമയം പയ്യന്നൂര്‍ ശാഖയില്‍ നിന്ന് നാല് ഡയറക്ര്‍മാര്‍ അഞ്ചരക്കിലോ സ്വര്‍ണവും രത്‌നാഭരണങ്ങളും കടത്തിയെന്ന് ആരോപിച്ച് മാനേജിങ്ങ് ഡയറക്ടര്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ വന്ന് രണ്ട് മാസത്തിന് ശേഷമാണ് ഡയറക്ടര്‍മാര്‍ക്കിടയിലെ ചേരിതിരിവ് പുറത്താകുന്നത്. ജ്വല്ലറിയുടെ പയ്യന്നൂര്‍ ശാഖയില്‍ നിന്ന് നാല് ഡയറക്ടര്‍മാര്‍ അഞ്ചരക്കിലോ സ്വര്‍ണവും അന്‍പത് ലക്ഷം രൂപയുടെ രത്‌നാഭരണവും കടത്തിയെന്നാണ് എംഡി പൂക്കോയ തങ്ങളുടെ പരാതി. കഴിഞ്ഞ നവംബറില്‍ പയ്യന്നൂരിലെ ശാഖ കരാര്‍ വ്യവസ്ഥയില്‍ നാല് ഡയറക്ടര്‍മാര്‍ക്ക് കൈമാറി. ഇതിന്ര്‍റെ മറവിലാണ് സ്വര്‍ണം കടത്തിയതെന്നും മുപ്പത് ജീവനക്കാര്‍ പെരുവഴിയിലായെന്നും പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ എസ്പിക്ക് നല്‍കിയ പരാതി പയ്യന്നൂര്‍ സിഐക്ക് കൈമാറും. സഹഡയറക്ടര്‍മാര്‍ സ്വര്‍ണം കടത്തിയെന്ന് എംഡി തന്നെ പരാതി നല്‍കിയ സാഹചര്യത്തില്‍ നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കും. ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എ ഒന്നാം പ്രതിയും എംഡി ടി.കെ പൂക്കോയ തങ്ങള്‍ രണ്ടാം പ്രതിയുമായി നിലവില്‍ 86 വഞ്ചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌